ന്യൂ ഡൽഹി:സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ നിർണായക ശുപാർശകളുമായി പാർലമെന്ററി സ്ഥിരം സമിതി. രാജ്യസഭാ എം.പി പ്രൊഫ. രാം ഗോപാല്‍ യാദവിന്റെ അധ്യക്ഷതയിലുള്ള ആരോഗ്യ-കുടുംബക്ഷേമ പാർലമെന്ററി സമിതി സമർപ്പിച്ച 176-ാമത് റിപ്പോർട്ടിലാണ് സാധാരണക്കാർക്ക് ആശ്വാസമേകുന്ന നിർദ്ദേശങ്ങളുള്ളത്. അനാവശ്യമായി ബില്‍ തുക പെരുപ്പിച്ചു കാണിക്കുന്നത് തടയാൻ കർശന നടപടികള്‍ വേണമെന്ന് പാർലമെന്ററി സമിതി. പ്രധാന നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളുടെ റൂം വാടക, അതത് പ്രദേശങ്ങളിലെ ത്രീ സ്റ്റാർ ഹോട്ടലുകളിലെ ശരാശരി വാടക നിരക്കിന് തുല്യമായി നിജപ്പെടുത്തണം എന്നതടക്കമുള്ള വിപ്ലവകരമായ ശുപാർശകളാണ് കമ്മിറ്റി മുന്നോട്ടുവെച്ചിരിക്കുന്നത്.
വലിയ മെട്രോ നഗരങ്ങളിലെ ആശുപത്രികള്‍ മുറി വാടകയായി ഭീമമായ തുകയാണ് രോഗികളില്‍ നിന്ന് ഈടാക്കുന്നത്. അടിസ്ഥാന റൂം വാടക ത്രീ സ്റ്റാർ ഹോട്ടലുകളുടെ നിരക്കില്‍ പരിമിതപ്പെടുത്തണമെന്നും, ഇതിനൊപ്പം ഡ്യൂട്ടി ഡോക്ടർമാരുടെ ഫീസ്, നഴ്സിംഗ് ചാർജ്, മെഡിക്കല്‍ സാമഗ്രികള്‍, ഭക്ഷണം, അലക്ക് തുടങ്ങിയ ചെലവുകള്‍ പ്രത്യേകം കണക്കാക്കി സുതാര്യമായി ബില്‍ തയാറാക്കണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. റൂം കാറ്റഗറി അനുസരിച്ച് മരുന്നുകള്‍ക്കും പരിശോധനകള്‍ക്കും വില കൂട്ടുന്ന രീതി അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്.
നാഷണല്‍ സാമ്പിള്‍ സർവേ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് സമിതി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. സർക്കാർ ആശുപത്രികളില്‍ ശരാശരി 6,631 രൂപ ചികിത്സാ ചെലവ് വരുമ്പോള്‍, സ്വകാര്യ ആശുപത്രികളില്‍ ഇത് ശരാശരി 50,508 രൂപയോളമാണ്. അടിയന്തരമല്ലാത്ത സാധാരണ ചികിത്സകള്‍ക്ക് പോലും സ്വകാര്യ മേഖലയില്‍ അഞ്ചിരട്ടിയിലധികം തുക ചെലവാക്കേണ്ടി വരുന്നു. ഇത് രാജ്യത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളെ കടുത്ത സാമ്പത്തിക കടക്കെണിയിലേക്കാണ് തള്ളിയിടുന്നത്.
അത്യാവശ്യ ചികിത്സകള്‍, ശസ്ത്രക്രിയകള്‍, ലാബ് പരിശോധനകള്‍ എന്നിവയ്ക്ക് രാജ്യവ്യാപകമായി ഏകീകൃത നിരക്കും പരമാവധി പരിധിയും നിശ്ചയിക്കാൻ സമിതി നിർദ്ദേശിച്ചു. ഇതിനായി ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്‌ട് രാജ്യത്തുടനീളം കർശനമായി നടപ്പാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കണം. ഇതിന് പുറമെ ആശുപത്രികളില്‍ ചികിത്സാ ചെലവ് സംബന്ധിച്ച പൂർണ്ണ വിവരങ്ങള്‍ രോഗിയെ പ്രവേശിപ്പിക്കുന്നതിന് മുൻപ് തന്നെ പ്രഖ്യാപിക്കുന്നത് നിർബന്ധമാക്കണമെന്നും സമിതി ആവശ്യപ്പെടുന്നു.
സർക്കാർ സൗജന്യ ഇൻഷുറൻസ് പദ്ധതികള്‍ക്ക് അർഹതയില്ലാത്തതും എന്നാല്‍ ഉയർന്ന നിരക്കിലുള്ള സ്വകാര്യ ഇൻഷുറൻസ് എടുക്കാൻ ശേഷിയില്ലാത്തതുമായ വിഭാഗത്തിനായി പുതിയ ഇൻഷുറൻസ് പദ്ധതി വേണം. ഒരു കുടുംബത്തിന് പ്രതിവർഷം 4,000 മുതല്‍ 6,000 രൂപ വരെ മാത്രം പ്രീമിയം വരുന്ന ‘ആരോഗ്യ സഞ്ജീവനി’ മാതൃകയിലുള്ള ജനപ്രിയ ഇൻഷുറൻസ് പദ്ധതികള്‍ അവതരിപ്പിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.
