മുത്തങ്ങ-വെള്ളിമാടുകുന്ന് ദേശീയപാത- 766 വികസനം: പാത ഏറ്റെടുക്കൽ ഒക്ടോബറിൽ

സുൽത്താൻ ബത്തേരി :ദേശീയപാത 766 വികസനം വെള്ളിമാടുകുന്ന്-മുത്തങ്ങ പാത ഏറ്റെടുക്കൽ ഒക്ടോബറോടെ ഇത് വയനാടിന്റെ വികസന മേഖലയ്ക്ക് പുതിയ പ്രതീക്ഷയേക്കി.  കോഴിക്കോട് വെള്ളിമാടുകുന്ന് മുതൽ അതിർത്തി പ്രദേശമായ മുത്തങ്ങ വരെയുള്ള ദേശീയപാത 766-ന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ദേശീയപാതാ അതോറിറ്റി ഒക്ടോബറോടെ പൂർത്തിയാക്കും. ഇതോടെ പാത നാലുവരിയായി വികസിപ്പിക്കുന്നതിനുള്ള നടപടികൾക്ക് വേഗം കൂടുമെന്ന പ്രതീക്ഷയിലാണ് വയനാട്ടിലെ ജനങ്ങൾ.

 

പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി കൽപ്പറ്റയിൽ എൻ.എച്ച്.എ.ഐ (NHAI) സൈറ്റ് ഓഫീസ് തുറക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. വിശദമായ പദ്ധതിരേഖ (DPR) തയ്യാറാക്കൽ ഉൾപ്പെടെയുള്ള തുടർന്നുള്ള പ്രവർത്തനങ്ങൾ കോഴിക്കോട് ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടറുടെ ഓഫീസിന്റെ നിയന്ത്രണത്തിലായിരിക്കും. സൈറ്റ് എഞ്ചിനീയർ ഉൾപ്പെടെയുള്ള പുതിയ ഉദ്യോഗസ്ഥ സംഘത്തെയും ഉടൻ നിയമിക്കും. നിലവിലുള്ള ടൗണുകളെ ഒഴിവാക്കി സമാന്തര ബൈപാസുകൾ നിർമ്മിച്ചായിരിക്കും പാത നാലുവരിയാക്കുന്നത്. ഏകദേശം 110 കിലോമീറ്റർ ദൈർഘ്യമുള്ള പാത വികസിപ്പിക്കുന്നതിനുള്ള ഡി.പി.ആർ തയ്യാറാക്കാൻ നിലവിൽ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. പദ്ധതിയിൽ കൊടുവള്ളി, താമരശ്ശേരി, സുൽത്താൻ ബത്തേരി, മീനങ്ങാടി ബൈപാസുകൾക്കൊപ്പം കൽപ്പറ്റ ബൈപാസിന്റെ വികസനവും ഉൾപ്പെടുന്നുണ്ട്. കൂടാതെ താമരശ്ശേരി ചുരത്തിന് ബദൽപാതയായി ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡ് വികസിപ്പിക്കും.

 

സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ദേശീയപാതാ വിഭാഗത്തിന്റെ ഉടമസ്ഥതയിലും കേന്ദ്ര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുമായിരുന്ന ഈ പാതയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് പോലും വലിയ കടമ്പകളുണ്ടായിരുന്നു. ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ പാത പൂർണ്ണമായും ദേശീയപാതാ അതോറിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാകും. ഇത് അവധി ദിവസങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകും. അയൽ സംസ്ഥാനങ്ങളായ കർണാടക, തമിഴ്‌നാട് എന്നിവടങ്ങളിലേക്ക് ദിവസേന യാത്ര ചെയ്യുന്നവർക്കും, രാത്രിയാത്രാ നിരോധനം നിലനിൽക്കുന്ന ബന്ദിപ്പൂർ പാതയിലെ യാത്രാക്ലേശങ്ങൾക്കും ഈ വികസനം പരോക്ഷമായി വലിയ ആശ്വാസമാകും. വർഷങ്ങളായുള്ള ഈ ആവശ്യത്തിന് പരിഹാരമായാൽ വയനാടിന്റെ ഗതാഗത, വ്യാപാര, വിനോദസഞ്ചാര മേഖലകളിൽ വലിയ ഉണർവ്വുണ്ടാകുമെന്നാണ് പ്രതീക്ഷ.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!