പഞ്ചസാര വില കുതിക്കുന്നു; എഥനോൾ ഉൽപ്പാദനവുമായി ബന്ധമില്ലെന്ന് കേന്ദ്രസർക്കാർ;

ന്യൂഡൽഹി : രാജ്യത്ത് നിലവിൽ തുടരുന്ന പഞ്ചസാര വിലവർധനവിന് കാരണം എഥനോൾ നിർമ്മാണത്തിനായി കരിമ്പ് വകമാറ്റുന്നതാണെന്ന വാർത്തകൾ തള്ളി കേന്ദ്ര സർക്കാർ. കഴിഞ്ഞ ഒരു മാസത്തിനിടെ കിലോയ്ക്ക് 48.18 രൂപയിൽ നിന്ന് 55.70 രൂപയായി പഞ്ചസാരയുടെ ചില്ലറ വിൽപ്പന വില ഉയർന്ന സാഹചര്യം കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

 

രാജ്യത്ത് എഥനോൾ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന പഞ്ചസാരയുടെ വിഹിതം 2022-23 ലെ 12 ശതമാനത്തിൽ നിന്ന് ഇപ്പോൾ 9 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും നിലവിൽ എഥനോളിന്റെ നാലിൽ മൂന്ന് ഭാഗവും ചോളം അടക്കമുള്ള ധാന്യങ്ങളിൽ നിന്നാണ് ഉൽപ്പാദിപ്പിക്കുന്നതെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. അതിനാൽ എഥനോൾ നയമാണ് വിലക്കയറ്റത്തിന് വഴിവെച്ചതെന്ന വാദം പൂർണ്ണമായും തെറ്റാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

 

കരിമ്പ് കൃഷിയിലുണ്ടായ രോഗബാധയും ആഭ്യന്തര ഉൽപ്പാദനത്തിലെ കുറവുമാണ് പഞ്ചസാരയുടെ വില ഉയരാനുള്ള പ്രധാന കാരണമായി സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. 343 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഉൽപ്പാദനം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 306 ലക്ഷം മെട്രിക് ടൺ മാത്രമാണ് ഈ സീസണിൽ ലഭിച്ചത്. കനത്ത മഴ മൂലമുണ്ടായ വെള്ളപ്പൊക്കവും റെഡ് റോട്ട് (വേര് ചീയൽ), ടോപ്പ് ബോറർ തുടങ്ങിയ കീടബാധകളും കരിമ്പ് വിളവിനെ പ്രതികൂലമായി ബാധിച്ചു.

 

ഇതുകൂടാതെ, വരാനിരിക്കുന്ന ഉത്സവ സീസണിലെ വലിയ ആവശ്യകതയും, രാജ്യാന്തര വിപണിയിൽ അനുഭവപ്പെടുന്ന പഞ്ചസാര ലഭ്യതക്കുറവും, വിപണിയിലെ വൻകിട കച്ചവടക്കാരുടെയും പൂഴ്ത്തിവെപ്പുകാരുടെയും കൃത്രിമമായ പൂഴ്ത്തിവെപ്പും വില കുത്തനെ ഉയരാൻ കാരണമായെന്ന് കേന്ദ്രം കൂട്ടിച്ചേർത്തു.

 

പഞ്ചസാരയുടെ വില നിയന്ത്രിക്കുന്നതിനും ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പാക്കുന്നതിനുമായി ശക്തമായ നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്നത്. മൊത്തക്കച്ചവടക്കാർക്ക് നവംബർ 30 വരെ പരമാവധി 400 ടൺ പഞ്ചസാര മാത്രമേ കൈവശം വെക്കാൻ സാധിക്കൂ എന്ന രീതിയിൽ സ്റ്റോക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്.

 

വൻകിട വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും 15 ദിവസത്തെ ആവശ്യത്തിനുള്ള സ്റ്റോക്ക് മാത്രമേ സൂക്ഷിക്കാൻ അനുവാദമുള്ളൂ. കൂടാതെ വിലക്കയറ്റം തടയുന്നതിനായി 10 ലക്ഷം ടൺ അസംസ്‌കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാനും പൂഴ്ത്തിവെപ്പ് തടയാൻ സംസ്ഥാന സർക്കാരുകളുമായി ചേർന്ന് സംയുക്ത പരിശോധനകൾ നടത്താനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!