‘ഇസ്ലാമിക് നാറ്റോ’ ; സൗദി-പാക്-തുർക്കി സഖ്യത്തിലേക്ക് ചേരാൻ താല്പര്യം പ്രകടിപ്പിച്ച് ബംഗ്ലാദേശ് 

സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നിവർ ചേർന്ന് രൂപീകരിച്ച പുതിയ മക്ക സംയുക്ത പ്രതിരോധ കരാറിൽ (Makkah Joint Defence Agreement) പങ്കാളിയാകാൻ സന്നദ്ധത പ്രകടിപ്പിച്ച് ബംഗ്ലാദേശ്. ഒരു രാജ്യത്തിന് നേർക്കുണ്ടാകുന്ന സൈനിക ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേർക്കുള്ള കടന്നുകയറ്റമായി കണക്കാക്കുന്ന നാറ്റോ മാതൃകയിലുള്ള ഈ പ്രതിരോധ സഖ്യത്തിൽ ചേരുന്ന കാര്യം രാജ്യം ഗൗരവമായി പരിഗണിക്കുകയാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീറും ഷാമ ഒബെയ്ദ് ഇസ്ലാമും വ്യക്തമാക്കി.

 

രാജ്യത്തിന്റെ പരമാധികാരത്തിനും സാമ്പത്തിക താല്പര്യങ്ങൾക്കും ഊന്നൽ നൽകുന്ന ‘ബംഗ്ലാദേശ് ഫസ്റ്റ്’ നയത്തിന്റെ ഭാഗമായാണ് പ്രതിരോധ മേഖലയിലെ ഈ നിർണായക നീക്കമെന്നാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം സൂചിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 7-നാണ് സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് മക്കയിൽ വെച്ച് പരസ്പര സുരക്ഷാ കരാറിൽ ഒപ്പുവെച്ചത്.

 

അന്താരാഷ്ട്ര തലത്തിൽ ‘ഇസ്ലാമിക് നാറ്റോ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രതിരോധ സഖ്യം, പാകിസ്താന്റെ സൈനിക ശക്തിയും തുർക്കിയുടെ പ്രതിരോധ സാങ്കേതികവിദ്യയും സൗദിയുടെ സാമ്പത്തിക ശേഷിയും സമന്വയിപ്പിക്കുന്ന ഒന്നാണ്. ഈ കൂട്ടായ്മയിലേക്ക് മറ്റ് ഇസ്ലാമിക രാജ്യങ്ങൾക്കും പ്രവേശനം നൽകുമെന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിരോധ, സാമ്പത്തിക മേഖലകളിലെ സഹകരണം മുൻനിർത്തി കൂട്ടുകെട്ടിൽ പങ്കാളിയാകാൻ ബംഗ്ലാദേശ് തങ്ങളുടെ താല്പര്യം പരസ്യമാക്കിയത്.

 

അയൽരാജ്യമായ ബംഗ്ലാദേശിന്റെ പുതിയ വിദേശകാര്യ നിലപാടുകൾ ഇന്ത്യയിൽ വലിയ സുരക്ഷാ ആശങ്കകൾ ഉയർത്തുന്നുണ്ട്. അതിർത്തി പങ്കിടുന്ന പ്രദേശത്ത് പാകിസ്താനും തുർക്കിയും സ്വാധീനം ഉറപ്പിക്കുന്നത് ഇന്ത്യയുടെ തന്ത്രപ്രധാനമായ സുരക്ഷാ മേഖലകൾക്ക് ഭീഷണിയാകുമെന്നാണ് നയതന്ത്ര വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം ബംഗ്ലാദേശിൽ നിലവിൽ വന്ന പുതിയ ഭരണകൂടം പാകിസ്താനുമായി കൂടുതൽ സൈനികവും നയതന്ത്രപരവുമായ അടുപ്പം സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ അന്താരാഷ്ട്ര പ്രതിരോധ സഖ്യത്തിൽ ചേരാനുള്ള നീക്കം എന്നതും ശ്രദ്ധേയമാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!