തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചത്. ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നുമുതൽ ഈമാസം 27 വരെയുള്ള ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
25 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
