കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയിൽ ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു. പെഹോവ റോഡിലെ രാജ് പാലസിനു സമീപം വാടകവീട്ടിൽ താമസിച്ചിരുന്ന രാജേഷ് ആണ് കൊല്ലപ്പെട്ടത്. രാജേഷിന്റെ ഭാര്യ വിമലാ ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്‌ച വൈകിട്ട് 5 മണിയോടെയാണ് സംഭവം.
കൊലപാതകം വീട്ടുടമ കണ്ടതോടെ പരിഭ്രാന്തയായ വിമലാ ദേവി ടെറസിൽനിന്ന് ചാടി. പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈകിട്ട് അഞ്ചോടെ ടെറസിൽനിന്ന് നിലവിളി കേട്ട് ഓടിച്ചെന്നപ്പോഴാണ് കൊലപാതകം കണ്ടതെന്ന് വീട്ടുടമ പറഞ്ഞു.
വയറിൽ കുത്തേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു രാജേഷ്. കുത്തേറ്റ് പുറത്തുവന്ന രാജേഷിൻ്റെ കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന വിമലയെയാണ് താൻ കണ്ടതെന്നും വീട്ടുടമ പൊലീസിനു മൊഴി നൽകി. തന്നെ കണ്ടതോടെ പരിഭ്രാന്തയായ വിമല ടെറസിൽനിന്ന് ചാടുകയായിരുന്നെന്നും വീട്ടുടമ പറഞ്ഞു
ഉത്തർ പ്രദേശിലെ സിതാപുർ ജില്ലയിൽ ധംപുർ ഗ്രാമത്തിൽ നിന്നുള്ള രാജേഷ് ഒരു വർഷമായി ഭാര്യയ്ക്കൊപ്പം കുരുക്ഷേത്രയിലായിരുന്നു താമസം. കുടിവെള്ള വിതരണ കമ്പനിയിലായിരുന്നു രാജേഷിന് ജോലി. രാജേഷിന്റെ വയറിൽ 35 സെന്റീമീറ്റർ നീളത്തിൽ മൂർച്ചയുള്ള ആയുധം കൊണ്ട് മുറിവേറ്റിട്ടുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുടൽ പുറത്തുവന്നതായും റിപ്പോർട്ടിലുണ്ട്. രാജേഷിന്റെ കരളിന്റെ സിംഹഭാഗവും വലതു വൃക്കയും കാണാനില്ലെന്നും റിപ്പോർട്ടിലുണ്ട്. അവയവങ്ങൾ കാണാതായതിനെ കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. വിവിധ വലിപ്പത്തിലുള്ള മൂന്ന് കത്തികൾ സംഭവസ്ഥലത്തുനിന്ന് പൊലീസിന് ലഭിച്ചു. ഏറെക്കാലമായി വിവാഹിതരായിരുന്ന രാജേഷിനും വിമലയ്ക്കും മക്കളില്ല.
