മൈസൂരു ദട്ടഗള്ളി റിങ് റോഡിലുള്ള ‘ഫോക്സ് ഡെൻ’ എന്ന പബ്ബിലാണ് അപകടമുണ്ടായത്. തീപിടിത്തത്തിൽ കെട്ടിടത്തിന്റെ മുകൾഭാഗം പൂർണ്ണമായും കത്തിനശിച്ചു. ഡാർജിലിംഗ് സ്വദേശിയായ സാഹിൻ (26), നേപ്പാൾ സ്വദേശിയായ പ്രകാശ് (24) എന്നിവരാണ് മരിച്ചത്. ഇരുവരും പബ്ബിലെ ജീവനക്കാരായിരുന്നു. പബ്ബ് ഉടമ പ്രീതം, ഉപഭോക്താക്കളായ സോനു, രമേശ്, മഹാദേവ് പ്രസാദ്, പ്രജ്വൽ, അവിനാശ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സരസ്വതിപുരം ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തിയാണ് തീയണച്ചതും രക്ഷാപ്രവർത്തനം നടത്തിയതും. ഗോവണികൾ ഉപയോഗിച്ച് പബ്ബിനുള്ളിൽ കുടുങ്ങിക്കിടന്ന 15 ഓളം പേരെ അഗ്നിശമന സേന സുരക്ഷിതമായി പുറത്തെത്തിച്ചു. ഇവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പബ്ബിനുള്ളിൽ മരം കൊണ്ടുള്ള അലങ്കാര വസ്തുക്കൾ ധാരാളമായി ഉപയോഗിച്ചിരുന്നതിനാൽ തീ അതിവേഗം പടരുകയായിരുന്നു എന്ന് അഗ്നിശമന സേനാ ഓഫീസർ രംഗനാഥ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

