കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച 16കാരന്റെ അവയവങ്ങള്‍ ദാനം ചെയ്തു. കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ ആദിലിന്റെ കരള്‍ ഉള്‍പ്പെടെയുള്ള മൂന്ന് പ്രധാന അവയവങ്ങളാണ് ദാനം ചെയ്തത്. ഞായറാഴ്ച രാത്രിയാണ് ഡോക്ടര്‍മാര്‍ ആദിലിന് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്.
വെള്ളി രാത്രിയിലുണ്ടായ വാഹനാപകടത്തിലാണ് ആദിലിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. പിന്നാലെ കോഴിക്കോട് ആസ്റ്റര്‍ മിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തുടര്‍ന്നാണ് കടുത്ത വേദനയിലും ആദിലിന്റെ അവയവങ്ങള്‍ ദാനംചെയ്യാന് കുടുബം തീരുമാനിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന ഏജന്‍സിയായ കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ഓര്ഗനൈസേഷന് മുഖേനയാണ് അവയവങ്ങള്‍ നല്‍കുന്നതിനുള്ള പ്രക്രിയകള്‍ ഏകോപിപ്പിച്ചത്. കരള്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിലെ രോഗിക്കും ഒരു വൃക്ക കോഴിക്കോട് ബിഎംഎച്ചിലെ രോഗിക്കും രണ്ടാമത്തെ വൃക്ക കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗിക്കുമാണ് മാറ്റിവെച്ചത്. ആസ്റ്റര്‍ മിംസിലെയും ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെയും വിദഗ്ധ സര്ജന്മാര് ഉള്‍പ്പെടുന്ന സംഘം സംയുക്തമായാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. ആദില്‍ തങ്ങളെ വിട്ടുപിരിഞ്ഞെങ്കിലും ഈ ലോകത്ത് മൂന്ന് വ്യക്തികളിലൂടെ ഇനിയും ജീവിക്കുമെന്ന പ്രതീക്ഷയാണ് ഈ തീരുമാനത്തിന് കരുത്തായതെന്ന്ആദിലിന്റെ അമ്മയും സഹോദരിയും പ്രതികരിച്ചു.
