മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടി കേരളത്തിന്റെ കെസിയ ലിസ് മെജോ

കൊച്ചി: കൗമാരപ്രായത്തിൽ തന്നെ ലോകവേദികളിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ മാവേലിക്കര സ്വദേശി കെസിയ ലിസ് മെജോ (19) മിസ് യൂണിവേഴ്സ് ഇന്ത്യ 2026 ആയി തിരഞ്ഞെടുക്കപ്പെട്ടു. മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടമാണ് കെസിയ ഇതിലൂടെ സ്വന്തമാക്കിയത്. ദി ഗ്ലമാനന്ദ് ഗ്രൂപ്പ് (The Glamanand Group) സംഘടിപ്പിച്ച മത്സരത്തിൽ, ജയ്പൂരിൽ നടന്ന ആവേശകരമായ ദേശീയ ഫിനാലെയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 52 മത്സരാർത്ഥികളെ പിന്നിലാക്കിയാണ് ഈ നിയമവിദ്യാർത്ഥി ഇന്ത്യയുടെ സൗന്ദര്യകിരീടം സ്വന്തമാക്കിയത്.

 

വരുന്ന നവംബറിൽ പോർട്ടോ റിക്കോയിൽ അരങ്ങേറുന്ന 75-ാമത് മിസ് യൂണിവേഴ്സ് വേദിയിൽ ഭാരതത്തെ പ്രതിനിധീകരിക്കാനുള്ള ചരിത്രനിയോഗവും കെസിയയെ തേടിയെത്തി. മത്സരത്തിൽ തമിഴ്‌നാടിന്റെ വൈഷ്ണവി ഗണേഷ് ഒന്നാം റണ്ണറപ്പായും ഗുജറാത്തിന്റെ അനുശ്രീ സതാവ്ലേക്കർ രണ്ടാം റണ്ണറപ്പായും (മിസ് ഇന്റർനാഷണൽ ഇന്ത്യ 2026) തെരഞ്ഞെടുക്കപ്പെട്ടു.

 

കേരളത്തിന് ഇരട്ടി മധുരം നൽകിക്കൊണ്ട്, നടിയും മോഡലുമായ അർച്ചന രവി ഇത്തവണത്തെ ‘ബെസ്റ്റ് മിസ് യൂണിവേഴ്‌സ് സ്റ്റേറ്റ് ഡയറക്ടർ- കേരള’ പുരസ്കാരത്തിന് അർഹയായി. മിസ് യൂണിവേഴ്സ് കേരള ഓർഗനൈസേഷന്റെ സ്റ്റേറ്റ് ഡയറക്ടർ എന്ന നിലയിൽ കെസിയ ലിസ് മെജോയെ കൃത്യമായ പരിശീലനത്തിലൂടെ ദേശീയ തലത്തിലെ മികച്ച വിജയിയായി വാർത്തെടുക്കുന്നതിൽ അർച്ചന രവിയുടെ മികച്ച നേതൃത്വവും മാർഗ്ഗനിർദ്ദേശവും നിർണ്ണായക പങ്കുവഹിച്ചു. 2020-ൽ നടന്ന മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് അർച്ചന മത്സരിക്കുകയും ടോപ്പ് 10-ൽ ഇടം നേടുകയും ചെയ്തിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!