തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുമായി ആരോഗ്യവകുപ്പ് മുന്നോട്ട്. കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ എതിർപ്പുകൾ തള്ളിയാണ് പദ്ധതിക്കായുള്ള ഡോക്ടർമാരുടെ പുനർവിന്യാസത്തിന് അന്തിമ രൂപരേഖയായത്.
പുതിയ തസ്തികകൾ സൃഷ്ടിക്കാതെ, പ്രധാന ആശുപത്രികളിലെ ആറ് പ്രധാന സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ മുഴുവൻ സമയവും സേവനം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടം പുനലൂരിലാണ് നടപ്പിലാക്കുന്നത്. ഇവിടെ 15 സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെയാണ് അധികമായി ആവശ്യമുള്ളത്. പദ്ധതിക്കായി കൊല്ലം ജില്ലയിലെ പ്രാഥമിക, സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് 74 ഡോക്ടർമാരെ പുനർവിന്യസിക്കും.
ഇതിനു പുറമെ നഴ്സുമാരെയും മറ്റ് ജീവനക്കാരെയും ആവശ്യാനുസരണം മാറ്റി നിയമിക്കുകയും, ആവശ്യമെങ്കിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നുള്ള സേവനം പ്രയോജനപ്പെടുത്തുകയും ചെയ്യും. പുനലൂർ മാതൃക വിജയിക്കുന്നതോടെ സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
