മാനന്തവാടി: തൃശ്ശിലേരി മുത്തുമാരിയിൽ വീടിനു നേരേ കാട്ടാനയുടെ ആക്രമണം. കിങ്ങിണിപ്പാറ സണ്ണിയുടെ വീടാണ് ആന തകർത്തത്. തിരുവോണ ദിവസമായ ബുധനാഴ്ച രാത്രിയാണ് വീടിനു നേരെ ആനയുടെ ആക്രമണമുണ്ടായത്. സണ്ണി, അമ്മ, ഭാര്യ, മകൻ, മകന്റെ ഭാര്യ, ഇവരുടെ കുട്ടികയുൾപ്പെടെ ആറുപേരാണ് വീട്ടിൽ താമസിക്കുന്നത്. ഓണത്തിനു മകളുടെ വീട്ടിലായിരുന്നു എല്ലാവരും. ഇതിനാലാണ് വലിയ ദുരന്തം ഒഴിവായത്. വീട്ടിലെത്തിയപ്പോഴാണ് വീട് ആന തകർത്തതു കണ്ടത്. വീടിന്റെ ചുമര് ഇടിച്ചിട്ടുണ്ട്. ശൗചാലയവും നശിപ്പിച്ച നിലയിലാണ്.
വിവരമറിഞ്ഞ് തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. ഗോപിനാഥൻ, മുത്തുമാരി വാർഡംഗം എൽസി ജെയിംസ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി. വസന്തകൃഷ്ണൻ, വി. ബേബി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും തൃശ്ശിലേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.യു. മണികണ്ഠന്റെ നേതൃത്വത്തിലുള്ള വനപാലകരും സ്ഥലത്തെത്തി. നാട്ടുകാരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ സണ്ണിക്ക് വനംവകുപ്പിന്റെ നേതൃത്വത്തിൽ പുതിയ വീടുനിർമിക്കുന്നതുൾപ്പെടെയുൾപ്പെടെയുള്ള കാര്യങ്ങൾ നോർത്ത് വയനാട് ഡി.എഫ്.ഒ.യുമായി അടുത്ത ദിവസം ചർച്ച ചെയ്യും. സണ്ണിയും കുടുംബവും മറ്റൊരു വീട്ടിലേക്ക് മാറിത്താമസിക്കാൻ തീരുമാനമായി. ഇതിന്റെ വാടക വനംവകുപ്പ് നൽകും.
ഒരിടവേളയ്ക്കു ശേഷമാണ് മുത്തുമാരിയിൽ വീണ്ടും വ്യാപകമായ രീതിയിൽ കാട്ടാനശല്യം തുടങ്ങിയത്. രണ്ടു വർഷം മുമ്പ് ആനകളിറങ്ങി വ്യാപക കൃഷിനാശമുണ്ടാക്കിയതിനെ തുടർന്ന് കുങ്കിയാനകളുടെ ഉൾപ്പെടെയുള്ള സഹായത്തോടെയാണ് ഇവയെ കാടുകയറ്റിയത്. വന്യമൃഗ പ്രതിരോധത്തിനുള്ള തൂക്കുവേലി പ്രതിരോധം മുത്തുമാരിയിൽ പാസായിട്ടുണ്ടെങ്കിലും ഇതിന്റെ പ്രവൃത്തി നീളുകയാണ്. പ്രവർത്തിക്കെതിരേ സ്വകാര്യ വ്യക്തി കോടതിയിൽനിന്നു സ്റ്റേ സമ്പാദിച്ചതിനാലാണ് പദ്ധതി പൂർത്തിയാക്കാൻ സാധിക്കാത്തത്.
