സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നു; പൊതുജനങ്ങൾക്കായി ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം:  പൊതുവെ ചൂട് വർദ്ധിച്ചുവരുന്നസാഹചര്യത്തിൽ ജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കേരളത്തിൽ ഇന്ന് (10/09/2026) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

 

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്

 

◼️പകൽ 11 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

 

◼️ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കുന്നത് തുടരുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കുക.

 

◼️അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുകയും കുടയോ തൊപ്പിയോ ഉപയോഗിക്കുകയും ചെയ്യുക.

 

◼️പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആർ.എസ്. (ORS) ലായനി, സംഭാരം എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

 

◼️ മാർക്കറ്റുകൾ, കെട്ടിടങ്ങൾ, ഡംപിങ് യാർഡുകൾ തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ ഫയർ ഓഡിറ്റ് നടത്തേണ്ടതും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുമാണ്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും കാട്ടുതീ ഒഴിവാക്കാൻ ജാഗ്രത പാലിക്കണം.

 

◼️ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളവു വായുസഞ്ചാരവും ഉറപ്പാക്കണം. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യുക.

 

◼️കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം.

 

◼️ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ, മാധ്യമപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, നിർമ്മാണ-കർഷക തൊഴിലാളികൾ തുടങ്ങിയവർ ജോലി സമയം ക്രമീകരിക്കുകയും ഉച്ചസമയത്ത് സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.

 

◼️ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കുക. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

 

◼️അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ കർശനമായി പാലിക്കുക.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!