ആയുര്‍വേദ നഴ്സിങിന് ചേരാനാളില്ല: യോഗ്യത പ്ലസ് ടുവിലേക്ക് താഴ്ത്തി; പ്രായപരിധി ഒഴിവാക്കി

ആയുര്‍വേദ നഴ്സിങ് കോഴ്സുകള്‍ക്ക് അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രവേശന യോഗ്യതയില്‍ ഇളവ് വരുത്തി ആയുഷ് വകുപ്പ് ഉത്തരവിറക്കി. ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി (ജി.എന്‍.എം.) പാസായവര്‍ക്ക് മാത്രം പ്രവേശനം നല്‍കുന്ന രീതിയില്‍ ഈ വര്‍ഷം ആദ്യം നിഷ്‌കര്‍ഷിച്ചിരുന്ന യോഗ്യതയാണ് ഇപ്പോള്‍ വീണ്ടും പ്ലസ് ടു ആയി പുനര്‍നിശ്ചയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സമര്‍പ്പിച്ച പുതുക്കിയ പ്രോസ്‌പെക്ടസിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

വിദേശത്തടക്കം ആയുര്‍വേദ മേഖലയിലെ തൊഴില്‍ സാധ്യതകള്‍ കണക്കിലെടുത്താണ് കോഴ്സ് ഘടന പരിഷ്‌കരിക്കാനും ജി.എന്‍.എം. അടിസ്ഥാന യോഗ്യതയാക്കാനും മുന്‍പ് തീരുമാനിച്ചിരുന്നത്. എന്നാല്‍, യോഗ്യത ഉയര്‍ത്തിയതോടെ സര്‍ക്കാര്‍ കോളേജുകളിലടക്കം അപേക്ഷകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധി ചൂണ്ടിക്കാട്ടി സ്വാശ്രയ മാനേജ്മെന്റുകള്‍ സര്‍ക്കാരിനെ സമീപിച്ചതോടെയാണ് യോഗ്യതാ മാനദണ്ഡത്തില്‍ മാറ്റം വരുത്താന്‍ തയ്യാറായത്.

 

പുതിയ ഉത്തരവ് പ്രകാരം പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാമെങ്കിലും ജി.എന്‍.എം. ജയിച്ചെത്തുന്നവര്‍ക്ക് പ്രവേശനത്തില്‍ മുന്‍ഗണന ലഭിക്കും. കൂടാതെ, നഴ്സിങ്, ഫാര്‍മസിസ്റ്റ്, തെറപ്പിസ്റ്റ് കോഴ്സുകള്‍ക്ക് മുന്‍പുണ്ടായിരുന്ന 33 വയസ്സെന്ന ഉയര്‍ന്ന പ്രായപരിധി പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികള്‍ക്കായി രണ്ട് സീറ്റുകള്‍ പ്രത്യേകമായി സംവരണം ചെയ്യാനും തീരുമാനമായി.

 

യോഗ്യതയില്‍ ഇളവ് നല്‍കിയെങ്കിലും നേരത്തെ പരിഷ്‌കരിച്ച കോഴ്സ് ഘടനയില്‍ മാറ്റമുണ്ടാകില്ല. പത്തുമാസത്തെ അക്കാദമിക് പരിശീലനവും രണ്ടുമാസത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പും ഉള്‍പ്പെടെ ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്സായാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. നഴ്സിങ് പരിശീലനത്തിന് പുറമെ അനാട്ടമി, ഫിസിയോളജി, ഫാര്‍മക്കോളജി, ക്ലിനിക്കല്‍ കെയര്‍, പഞ്ചകര്‍മ തെറപ്പി, കേരളീയ വിശേഷ ചികിത്സ തുടങ്ങിയവ പഠനവിഷയങ്ങളില്‍ ഉള്‍പ്പെടുന്നു. നിലവില്‍ മൂന്ന് സര്‍ക്കാര്‍ കോളേജുകള്‍, രണ്ട് എയ്ഡഡ് കോളേജുകള്‍, ഒരു പൊതുമേഖലാ സ്ഥാപനം, 17 സ്വാശ്രയ കോളേജുകള്‍ എന്നിവയ്ക്കാണ് കോഴ്സ് നടത്താന്‍ അനുമതിയുള്ളത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!