പനമരം ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള കാലാവധി നീട്ടി നൽകി

പനമരം:  ജനവാസമേഖലകളിൽ ഇറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും നിരന്തരം നാശനഷ്ടം വരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള കാലാവധി പനമരം ഗ്രാമപഞ്ചായത്തിൽ ഒരു വർഷത്തേക്കുകൂടി നീട്ടി. 2027 മേയ് വരെയാണ് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം കാലാവധി നീട്ടി ഉത്തരവിറക്കിയത്. കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിന് അനുമതി ലഭിച്ച തദ്ദേശസ്ഥാപന അധ്യക്ഷന്മാരെ ഓണററി വൈൽഡ് ലൈഫ് വാർഡനായി നിശ്ചയിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

 

സന്നദ്ധതയറിയിച്ച് അപേക്ഷ സമർപ്പിച്ച, ഷൂട്ടിങ് ലൈസൻസുള്ള പത്തുപേർക്കാണ് കർശനമായ പത്ത് നിബന്ധനകളോടെ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ അനുമതി നൽകിയിട്ടുള്ളത്. വിഷപ്രയോഗം, സ്ഫോടകവസ്തുപ്രയോഗം, വൈദ്യുതി ഷോക്കടിപ്പിക്കൽ എന്നിവ പൂർണ്ണമായും ഒഴിവാക്കണമെന്നും, ലൈസൻസുള്ള തോക്കുപയോഗിച്ച് ജനവാസമേഖലകളിൽ വെച്ച് മാത്രമേ വെടിവെക്കാൻ പാടൂ എന്നും വ്യവസ്ഥയുണ്ട്. മുലയൂട്ടുന്ന പന്നികളെ കഴിവതും ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

 

പന്നിയെ വെടിവെച്ചാൽ ഉടൻതന്നെ ഓണററി വൈൽഡ് ലൈഫ് വാർഡനെയും, കൊല്ലപ്പെട്ട പന്നിയുടെ വിവരങ്ങളും സംസ്‌കരണ രീതിയും അതതുദിവസം തന്നെ ഫോറസ്റ്റ് ഓഫീസിലും പഞ്ചായത്തിലും രേഖാമൂലം അറിയിക്കണം. ചത്ത ജഡം ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നും, പ്രവർത്തനങ്ങൾക്കിടയിൽ മനുഷ്യനോ സ്വത്തിനോ എന്തെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടായാൽ അതിന് വെടിവെക്കുന്നയാൾ മാത്രമായിരിക്കും ഉത്തരവാദിയെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!