പുൽപ്പള്ളി: വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിക്കുകയും സ്വര്‍ണം കൈവശപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍. കല്‍പ്പറ്റ, മുണ്ടേരി, സുബ്രമഹ്ണ്യനെ(56)യാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ഏകദേശം അഞ്ച് വർഷം മുമ്പ് വയോധികയുടെ ബന്ധു മുഖേന പരിചയപ്പെട്ട സുബ്രഹ്മണ്യൻ താൻ അഭിഭാഷകനാണെന്നും ഭാര്യയുമായി അകന്ന് കഴിയുകയാണെന്നും പറഞ്ഞ് സൗഹൃദം സ്ഥാപിച്ചെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും സ്വർണം ഉൾപ്പെടെയുള്ളവ കൈവശപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിലെ ആരോപണം. സഹായത്തിന് ആരുമില്ലാത്ത സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ നിയമപരമായ ആവശ്യങ്ങൾക്ക് സഹായിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് സ്വർണവും പണവും കൈവശപ്പെടുത്തുകയും പിന്നീട് ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്യുന്ന രീതിയാണ് പ്രതി പിന്തുടരുന്നതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. അപമാനഭയം, പ്രതിയുടെ ഭീഷണി തുടങ്ങിയ കാരണങ്ങളാൽ പലരും പരാതി നൽകാൻ തയ്യാറാകാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
ഇയാള്‍ പി.ഡബ്ല്യൂ.ഡി ബില്‍ഡിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ്. വിധവയായ പരാതിക്കാരിയെ പുനര്‍വിവാഹം ചെയ്യാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. പരാതിക്കാരിയുടെ അഞ്ച് പവനോളം സ്വര്‍ണ്ണവും ഇയാള്‍ കൈക്കലാക്കിയതായി പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
