നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്:നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. കോഴിക്കോട് മാങ്കാവിലെ വീട്ടിൽ ദീർഘകാലമായി കിടപ്പിലായിരുന്നു. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിൽ ജമീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി സാവിത്രി ശ്രീധരൻ മലയാളികളുടെ മനം കവർന്നത്.

 

ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും നേടിയിരുന്നു. നാടകപ്രവർത്തനത്തിലൂടെയാണ് സാവിത്രിയുടെ കലാജീവിതം ആരംഭിക്കുന്നത്. അഞ്ചു പതിറ്റാണ്ടോളം പ്രഫഷണൽ നാടകരംഗത്ത് സജീവമായിരുന്നു. മികച്ച നാടക നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടിയിട്ടുണ്ട്.

 

നാലു പ്രശസ്ത പ്രഫഷനൽ നാടകട്രൂപ്പിലെ തിരക്കുള്ള നടിയായിരുന്നു സാവിത്രി. പ്രഫഷനൽ നാടക ട്രൂപ്പുകളുടെ സുവർണ്ണകാലം കഴിഞ്ഞതോടെ സങ്കടത്തോടെ വേദിയോടു വിടപറയേണ്ടി വന്നു.1961ൽ ആണ് സാവിത്രി നാടകത്തിൽ അഭിനയിക്കുന്നത്. അന്ന് മാങ്കാവും തിരുവണ്ണൂരും മീഞ്ചന്തയിലുമുള്ള ഒട്ടേറെ അമേച്വർ നാടക ട്രൂപ്പുകളിൽ അഭിനയിച്ചു. വളയനാട് കലാസമിതിയുടെ കറുത്ത വെളിച്ചമായിരുന്നു ആദ്യ നാടകം.

 

ആഹ്വാൻ സെബാസ്റ്റ്യന്റെ വഴിയമ്പലത്തിലൂടെയാണ് നാടകത്തിൽ സജീവമാകുന്നത്. കെ.ടി. മുഹമ്മദ്, എം.ടി. വാസുദേവൻനായർ, തിക്കോടിയൻ, ടി. ദാമോദരൻ എന്നിവർ ചേർന്നെഴുതിയ നാടകമായിരുന്നു ഇത്. 1984ൽ ആണ് ആദ്യമായി പ്രഫഷനൽ നാടകത്തിൽ അഭിനയിക്കുന്നത്. കെ.ടി. മുഹമ്മദിന്റെ കലിംഗ തിയറ്ററിന്റെ ഇതു ഭൂമിയാണ് ആയിരുന്നു ആദ്യ നാടകം. പിന്നീട് കാഫർ, സൃഷ്ടി, ദീപസ്തംഭം മഹാശ്ചര്യം, അച്ഛനും ബാപ്പയും, സാക്ഷാത്ക്കാരം, കുചേലവൃത്തം, സമന്വയം എന്നിങ്ങനെ അക്കാലത്ത് കലിംഗ അവതരിപ്പിച്ച എല്ലാ നാടകത്തിലും മികച്ച വേഷം ചെയ്തു. അണിയറ എന്ന നാടകത്തിലെ വേഷത്തിന് സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!