അടുക്കള ബഡ്ജറ്റിൽ ആശ്വാസം ; ഭക്ഷ്യഎണ്ണകളുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ 

ന്യൂഡൽഹി :രാജ്യത്തെ സാധാരണക്കാർക്ക് ആശ്വാസമേകി ഭക്ഷ്യഎണ്ണകളുടെ കസ്റ്റംസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. അസംസ്‌കൃത (ക്രൂഡ്), റീഫൈൻഡ് എണ്ണകൾക്ക് മേലുള്ള അടിസ്ഥാന ഇറക്കുമതി തീരുവയിലാണ് (ബി.സി.ഡി) സർക്കാർ വലിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ വിപണിയിൽ പാചകഎണ്ണകളുടെ വില കുറയുകയും അടുക്കളച്ചെലവുകളിൽ പ്രതിമാസം കാര്യമായ കുറവുണ്ടാവുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

 

പുതിയ ഉത്തരവ് പ്രകാരം ക്രൂഡ് സോയാബീൻ ഓയിൽ, ക്രൂഡ് പാം ഓയിൽ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി 10 ശതമാനത്തിൽ നിന്ന് 5 ശതമാനമായി പകുതിയായി കുറച്ചിട്ടുണ്ട്. കൂടാതെ ക്രൂഡ് സൺഫ്ലവർ ഓയിലിന്റെ തീരുവ പൂർണ്ണമായും ഒഴിവാക്കി 0 ശതമാനമാക്കി മാറ്റുകയും ചെയ്തു. റീഫൈൻഡ് സോയാബീൻ ഓയിൽ, റീഫൈൻഡ് പാം ഓയിൽ എന്നിവയുടെ ഇറക്കുമതി തീരുവ 32.5 ശതമാനത്തിൽ നിന്ന് 27.5 ശതമാനമായും റീഫൈൻഡ് സൺഫ്ലവർ ഓയിലിന്റേത് 22.5 ശതമാനമായും കുറച്ചിട്ടുണ്ട്.

 

ആഗോള വിപണിയിലെ മാറ്റങ്ങളും പ്രാദേശിക വിപണിയിലെ വിലക്കയറ്റവും നിയന്ത്രിക്കാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് ധനമന്ത്രാലയം ഈ തീരുമാനം കൈക്കൊണ്ടത്. ഇറക്കുമതി ചെലവ് കുറയുന്നതോടെ എണ്ണ ശുദ്ധീകരണ കമ്പനികളും വിതരണക്കാരും ഈ ആനുകൂല്യം ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന ഉത്സവ സീസണിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാൻ കേന്ദ്രത്തിന്റെ ഈ ഇളവുകൾ സഹായിക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!