തിരുവോണം ബമ്പർ: ഒന്നാം സമ്മാനം 30 കോടി, നറുക്കെടുപ്പ് നാളെ; ഭാഗ്യശാലിയെ കാത്ത് കേരളം

തിരുവനന്തപുരം: 30 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി 2026-ന്റെ നറുക്കെടുപ്പ് നാളെ (26-09-2026) തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും. ഉച്ചയ്ക്ക് 1.30ന് നടക്കുന്ന ചടങ്ങിൽ ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും.

 

ചടങ്ങിൽ പൂജ ബമ്പർ 2026 ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും മന്ത്രി നിർവഹിക്കും. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ്. അധ്യക്ഷത വഹിക്കും. കാട്ടാക്കട എം.എൽ.എ എം.ആർ. ബൈജു, നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, നികുതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് എന്നിവർ സംസാരിക്കും. ജോയിന്റ് ഡയറക്ടർ ഷാജു പി.എ. സ്വാഗതവും ജോയിന്റ് ഡയറക്ടർ അനിൽകുമാർ കെ.എസ്. നന്ദിയും പറയും.

 

തിരുവോണം ബമ്പർ 2026-ന്റെ 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 89.85 ലക്ഷം ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിൽ ആദ്യമായാണ് ഒന്നാം സമ്മാനം 30 കോടി രൂപയായി ഉയർത്തുന്നത്. തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 30 കോടി രൂപയാണ്. രണ്ടാം സമ്മാനം 1 കോടി രൂപ വീതവും മൂന്നാം സമ്മാനം 25 ലക്ഷം രൂപയും നാലാം സമ്മാനം 5 ലക്ഷം രൂപയും അഞ്ചാം സമ്മാനം 2 ലക്ഷം രൂപയുമാണ്. കൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും ലഭിക്കും.

 

90 ലക്ഷം ടിക്കറ്റുകൾ വിൽക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈ 20നാണ് തിരുവോണം ബമ്പർ ടിക്കറ്റിന്റെ വിൽപ്പന ആരംഭിച്ചത്. ഇതുവരെ 87,68, 160 ടിക്കറ്റുകളാണ് വിറ്റഴിച്ചത് . 500 രൂപയാണ് ടിക്കറ്റ് വില. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ 10 സീരീസുകളിലാണ് തിരുവോണം ബമ്പർ ടിക്കറ്റുകൾ പുറത്തിറക്കിയത്

 

വ്യാജ ലോട്ടറി വെബ്സൈറ്റുകൾക്കെതിരെ ജാഗ്രത

 

കേരള സംസ്ഥാന ലോട്ടറിയുടെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുകയോ പണം അടയ്ക്കുകയോ ചെയ്യരുതെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അറിയിച്ചു. സമ്മാനം ലഭിച്ചുവെന്ന പേരിൽ രജിസ്ട്രേഷൻ ഫീസ്, പ്രോസസ്സിംഗ് ഫീസ്, ജി.എസ്.ടി., ടാക്സ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയവയ്ക്കായി പണം ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ ഭാഗമാണെന്ന് തിരിച്ചറിയണം.

 

ബാങ്ക് അക്കൗണ്ട് നമ്പർ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഒ.ടി.പി., യു.പി.ഐ. പിൻ, ആധാർ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ അപരിചിതരുമായി പങ്കുവെക്കരുതെന്നും ഡയറക്ടർ മുന്നറിയിപ്പ് നൽകി. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകുകയോ ചെയ്യണം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!