വടകര എം.ഡി.എം.എ. കേസിൽ പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് കുത്തേറ്റു ;ഭർത്താവ് കസ്റ്റഡിയിൽ

:വടകര എം.ഡി.എം.എ. കേസിൽ പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ കുത്തേറ്റു. കുത്തിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കീർത്തനയുടെ ഭർത്താവാണെന്നാണ് വിവരം. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. എം.ഡി.എം.എ കേസിൽ ജാമ്യത്തിലിറങ്ങിയ കീർത്തന വടകര സ്റ്റേഷനിൽ ഒപ്പിടാനായി വന്നതായിരുന്നു. ഈ സമയത്താണ് അക്രമം.സാരമായി പരിക്കേറ്റ കീർത്തനയെ ആദ്യം വടകര ഗവ: ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴുത്തിന് ഉൾപ്പെടെ അഞ്ചോളം കുത്തുകളേറ്റിട്ടുണ്ടെന്നാണ് വിവരം.

 

പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ മുൻ കായിക പരിശീലകയായ കീർത്തനക്ക് കേസില്‍ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ജാമ്യ ഉപാധിയുടെ ഭാഗമായി എല്ലാ ശനിയാഴ്ചയും വടകര പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം. ഇതിനായി ഇന്ന് സ്റ്റേഷനിലെത്തിയപ്പോഴാണ് ഭർത്താവ് വിനീഷ് വെട്ടിയത്. കഴുത്തിനാണ് സാരമായി പരിക്കേറ്റത്.

 

കേസിലെ മൂന്നാം പ്രതി കൊയിലാണ്ടി സ്വദേശിനി കെ. കാവ്യക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 25 മുതല്‍ കാവ്യ റിമാന്‍ഡിലായിരുന്നു. കേസിന്റെ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായതായും തൊണ്ടിമുതലുകള്‍ കണ്ടെടുത്തിട്ടുണ്ടെന്നും വിലയിരുത്തിയാണ് കോടതി ജാമ്യം നല്‍കിയത്.

 

ഇക്കഴിഞ്ഞ ജൂണ്‍ 28ന് പുലര്‍ച്ചെ രണ്ടു മണിയോടെ വടകരയില്‍ വെച്ച് സഫ്വാന്‍ എന്നയാളില്‍ നിന്ന് എംഡിഎംഎ പിടികൂടിയതോടെയാണ് കേസില്‍ അധ്യാപികമാരുടെ പങ്ക് വെളിപ്പെട്ടത്. കീര്‍ത്തനയെയും കാവ്യയെയും കൂടാതെ മറ്റൊരു അധ്യാപികയായ വി.പി നീഷ്മ, ഇരിട്ടി സ്വദേശി ജിജില്‍ കുര്യാക്കോസ് എന്നിവരും പിന്നാലെ അറസ്റ്റിലായിരുന്നു.

 

പേരാമ്പ്ര ബിആർസിയിലെ സ്‌പെഷലിസ്റ്റ് കരാർ അധ്യാപികയായിരുന്നു കീർത്തന. എംഡിഎംഎ വിൽപ്പനക്കാരുടെയും വാങ്ങുന്നവരുടെയും ഇടയിലുള്ള കണ്ണിയായാണ് ഇവർ പ്രവർത്തിച്ചിരുന്നത്. പ്രതിയായതിന് പിന്നാലെ ഇവരെ ബിആർസി ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!