വിൻഡീസിനെതിരേ ഇന്ത്യക്ക് 296 റൺസ് വിജയലക്ഷ്യം

തിരുവനന്തപുരം: കാര്യവട്ടത്ത് സെഞ്ചുറിയുമായി ജസ്റ്റിൻ ഗ്രീവ്സ് നിറഞ്ഞുകളിച്ചപ്പോൾ ഇന്ത്യക്കെതിരേ 296 റൺസ് വിജയലക്ഷ്യം പടുത്തുയർത്തി വെസ്റ്റിൻഡീസ്. നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് 295 റൺസെടുത്തു. ജസ്റ്റിൻ ഗ്രീവ്സ് 101 റൺസെടുത്തു. ഇന്ത്യക്കായി കുൽദീപ് യാദവ് നാലുവിക്കറ്റെടുത്തു.

 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന്റേത് മികച്ച തുടക്കമായിരുന്നു. ഓപ്പണർമാരായ ജോൺ കാംപ്ബെല്ലും ജസ്റ്റിൻ ഗ്രീവ്സും ചേർന്ന് ഇന്ത്യൻ ബൗളർമാരെ നേരിട്ടു. പതിയെ തുടങ്ങിയ ഇരുവരും ക്രീസിൽ നിലയുറപ്പിച്ചതോടെ വിൻഡീസ് സ്കോർ കുതിച്ചു. ആദ്യ വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. സ്കോർ 135 ൽ നിൽക്കേ കാംപ്ബെൽ പുറത്തായി. 62 റൺസാണ് സമ്പാദ്യം. പിന്നീടിറങ്ങിയ കാസി കാർട്ടി(13), ഷായ് ഹോപ്(12) എന്നിവർക്ക് പിടിച്ചുനിൽക്കാനായില്ല. വിക്കറ്റുകൾ പോകുമ്പോഴും വിൻഡീസ് ഇന്നിങ്സ് മുന്നോട്ടുനയിച്ച ഗ്രീവ്സ് സെഞ്ചുറി തികച്ചു. 108 പന്തിൽ നിന്ന് 101 റൺസെടുത്ത് താരം പുറത്തായതോടെ വിൻഡീസ് പരുങ്ങലിലായി.

 

ജുവൽ ആൻഡ്രൂ ഗോൾഡൻ ഡക്കായി മടങ്ങിയതോടെ വിൻഡീസ് 35.4 ഓവറിൽ 198-5 എന്ന നിലയിലായി. ആറാം വിക്കറ്റിൽ റോസ്റ്റൺ ചേസും അമിർ ജാങ്കൂവും ചേർന്നാണ് ടീമിനെ കരകയറ്റിയത്. ആറാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് പിറന്നതോടെ ടീം 250 കടന്നു. അമിർ 58 റൺസുമായി പുറത്താകാതെ നിന്നു. അതോടെ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് 295 റൺസെടുത്തു.

 

2027-ലെ ലോകകപ്പിനുള്ള ടീമിനെ സജ്ജമാക്കുന്നതിൻ്റെ ആദ്യപടികൂടിയാണ് മൂന്നുകളികളുടെ പരമ്പര. നമൻ ധിർ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു. ലോകകപ്പിനുമുൻപ് ഇന്ത്യൻ ടീം ഇനി 14 ഏകദിന മത്സരങ്ങളിൽ മാത്രമാണ് കളിക്കുന്നത്. രോഹിത് ശർമ-വിരാട് കോലി എന്നിവർക്കൊപ്പം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനും പരിശീലകൻ ഗൗതം ഗംഭീറിനും വെല്ലുവിളിയുയർത്തുന്ന പരമ്പരയാണിത്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!