തിരുവനന്തപുരം: സംസ്ഥാനത്ത് 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം.വോട്ടെണ്ണല്‍ രാവിലെ 10ന് ആരംഭിക്കും. തെരഞ്ഞെടുപ്പ് ഫലം www.sec.kerala.gov.in സൈറ്റിലെ TREND ല്‍ ലഭിക്കും.
12 ജില്ലകളിലെ 38 തദ്ദേശ വാര്‍ഡുകളിലായി 126 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ഉപതെരഞ്ഞെടുപ്പില്‍ 58.81% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയത് കണ്ണൂര്‍ ജില്ലയിലാണ്. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിലാണ്.
കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനുകളിലെയും മട്ടന്നൂര്‍, ചിറ്റൂര്‍-തത്തമംഗലം, ചാലക്കുടി നഗരസഭകളിലേയും ഓരോ വാര്‍ഡുകളിലും തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ ഓരോ വാര്‍ഡുകളിലെയും ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. തദ്ദേശ ജനപ്രതിനിധികൾ എംഎല്‍എമാരായതോടെയാണ് എട്ടിടത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇവിടങ്ങളിലെ ഫലം ഇരുമുന്നണികള്‍ക്കും വളരെയേറെ നിര്‍ണായകമാണ്.
