ന്യൂഡൽഹി: 18 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കുന്നത് തടയാൻ നടപടികളെടുക്കുമെന്ന് കേന്ദ്രം. ഇതു സംബന്ധിച്ച പൊതുതാൽപര്യ ഹരജി സുപ്രീംകോടതി പരിഗണിക്കവെയാണ് കേന്ദ്രം ഈ നിലപാടറിയിച്ചത്. ഇതിനായി ഇൻഫർമേഷൻ ആൻഡ് ടെക്നോളജി ഇന്റർമീഡിയറി ചട്ടങ്ങളിൽ ഉടൻ തന്നെ പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ‘ജസ്റ്റ് റൈറ്റ്‌സ് ഫോർ ചിൽഡ്രൻ അലയൻസ്’ എന്ന എൻജിഒ കുട്ടികളുടെ ഡിജിറ്റൽ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടി സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതി ഈ വിഷയം പരിഗണിച്ചത്.
പ്രായപൂർത്തിയാകാത്തവരുമായി ഉണ്ടാക്കുന്ന കരാറുകൾ ഇന്ത്യൻ നിയമപ്രകാരം അസാധുവാണെന്നും അതിനാൽ ഇത് കർശനമായി തടയേണ്ടതുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി. സോഷ്യൽ മീഡിയ അക്കൌണ്ടുകൾ തുറക്കുന്നത് അതത് കമ്പനികളുമായി ഉപയോക്താക്കൾ ഒരു കരാർ ഒപ്പുവെച്ചാണ്. എന്നാൽ ഇത്തരം കരാറുകളിൽ ഏർപ്പെടാൻ കുട്ടികൾക്ക് സാധിക്കില്ല. അതെസമയം വിദ്യാഭ്യാസ വെബ്‌സൈറ്റുകളിൽ മാതാപിതാക്കളുടെ സമ്മതത്തോടെ കുട്ടികൾക്ക് അംഗത്വം എടുക്കാവുന്നതാണെന്ന് സർക്കാർ വ്യക്തമാക്കി.
വിദേശ നിയമങ്ങൾ ഇന്ത്യയിൽ അനുവദിക്കില്ലെന്ന് കേസ് പരിഗണിച്ച ജഡ്ജിമാരിലൊരാൾ വ്യക്തമാക്കി. യുഎസ് നിയമങ്ങൾ പ്രകാരം പ്രവർത്തിക്കുന്ന പ്ലാറ്റ്‌ഫോമുകൾ അവിടെയുള്ള ചട്ടങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കുന്നത് അനുവദിക്കാനാവില്ലെന്നും, അക്കൗണ്ട് രജിസ്റ്റർ ചെയ്യാനുള്ള കുറഞ്ഞ പ്രായം 18 ആയി നിജപ്പെടുത്തണമെന്നും ബെഞ്ചിലെ ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് വി മോഹന എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഇന്ത്യൻ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് സോളിസിറ്റർ ജനറൽ കോടതിക്ക് ഉറപ്പുനൽകി. ഇക്കാര്യം പരിഗണിച്ച് മറുപടി നൽകാൻ ചീഫ് ജസ്റ്റിസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൃത്യമായ നിയമസംവിധാനങ്ങൾ ഇല്ലാത്തത് കുട്ടികളെ ഓൺലൈൻ ചൂഷണങ്ങൾ, ലൈംഗികാതിക്രമങ്ങൾ, മനുഷ്യക്കടത്ത്, സൈബർ ബുള്ളിയിങ്, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം, പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങൾ കാണാനിടയാകൽ തുടങ്ങിയ വലിയ അപകടങ്ങളിലേക്ക് നയിക്കുന്നുവെന്ന് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.
