യുവതിയെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; യൂടൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

മാഞ്ചേരി:ഒളിവില്‍ തുടരുന്ന യൂട്യൂബർ തൊപ്പിയെന്ന മുഹമ്മദ് നിഹാദിന് മുന്‍കൂര്‍ ജാമ്യം. ലൈവ് സ്ട്രീമിങിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലെടുത്ത കേസിലാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പരാതിക്കാരിക്കെതിരെ അശ്ലീല പരാമർശങ്ങൾ നേരിട്ട് നടത്തിയതായി കാണുന്നില്ലെന്ന വിലയിരുത്തലിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ജാമ്യം നല്‍കിയിരിക്കുന്നത്. ആരോപണങ്ങളുടെ സ്വഭാവം കണക്കിലെടുക്കുമ്പോൾ ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അതിനാൽ ഹർജിക്കാരന് മുൻകൂർ ജാമ്യം അനുവദിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

 

പരാതിക്കാരിയുടെ അനുമതിയില്ലാതെ അവരുടെ ഫോട്ടോകളും വീഡിയോകളും പ്രദർശിപ്പിക്കുകയും അധിക്ഷേപകരവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ ലൈംഗിക പരാമർശങ്ങൾ നടത്തുകയും ചെയ്തു എന്നതായിരുന്നു ആരോപണം. കേസിൽ തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി മാഞ്ചേരി ജില്ല സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്. ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തത്തുല്യമായ രണ്ട് ആള്‍ ജാമ്യവുമാണ് മുഖ്യവ്യവസ്ഥ.

 

അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണം, ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ എല്ലാ ശനിയാഴ്ചയും രാവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, ജാമ്യത്തിലിറങ്ങിയ ശേഷം സമാനമായ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, സാക്ഷികളെയോ അന്വേഷണത്തെയോ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കരുത്, വിചാരണ കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ കേരള സംസ്ഥാനം വിട്ട് പോകരുത് തുടങ്ങിയവയാണ് മറ്റ് ഉപാധികള്‍. കഴിഞ്ഞ ജൂണ്‍ 10ന് നടത്തിയ ലൈവ് സ്ട്രീമിങ്ങുമായി ബന്ധപ്പെട്ടാണ് മഞ്ചേരി പൊലീസ് നിഹാദിനെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഐ ടി നിയമ പ്രകാരമുള്ള വകുപ്പുകള്‍ എന്നിവയായിരുന്നു ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!