1988-ലെ നല്ലൂർനാട് സഹകരണ ബാങ്ക് കവർച്ച: 38 വർഷങ്ങൾക്കു ശേഷം വയോധികനായ പ്രതിക്ക് 13 വർഷം തടവും പിഴയും വിധിച്ച് കോടതി

കൽപ്പറ്റ: 1988-ൽ വയനാട് നല്ലൂർനാട് സർവീസ് സഹകരണ ബാങ്കിൽ അതിക്രമിച്ചുകയറി സ്വർണ്ണാഭരണങ്ങളും പണവും കവർന്ന കേസിൽ വയോധികനായ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ. കൊല്ലം പള്ളിമുക്ക് തെടിയഴിക്കത്ത് വീട്ടിൽ അബ്ദുൽ സമദിനെയാണ് (76) കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജ് എൽ. ജയവന്ത് ശിക്ഷിച്ചത്. 13 വർഷത്തെ തടവും 16,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ പ്രതി 10 മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും.

 

1988 ജനുവരി 8-ന് പുലർച്ചെ അംബാസഡർ കാറിലെത്തിയ ആറംഗ കവർച്ചാസംഘം ബാങ്കിന്റെ വാതിലുകൾ തകർത്ത് അകത്തുകയറി സേഫും ഒരു കിലോഗ്രാമോളം വരുന്ന സ്വർണ്ണാഭരണങ്ങളും 5,544 രൂപയും കവരുകയായിരുന്നു. ശബ്ദം കേട്ടെത്തിയ പ്രദേശവാസികളായ രണ്ടുപേരെ ഇവർ കട്ടപ്പാര ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു.

 

കേസിലെ മറ്റ് പ്രതികളായ സുബൈർ, സുരേഷ് ബാബു, ആലിക്കുട്ടി, നസീർ എന്നിവരെ മുൻപ് അറസ്റ്റ് ചെയ്യുകയും 1993-ൽ കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു. ഒളിവിലായിരുന്ന മറ്റൊരു പ്രതി ഒ.കെ. ബാബു 2017-ൽ കോടതിയിൽ കീഴടങ്ങി ശിക്ഷ ഏറ്റുവാങ്ങി. എന്നാൽ ദീർഘകാലം ഒളിവിൽ കഴിഞ്ഞ അബ്ദുൽ സമദിനെ 2024 ഒക്ടോബറിലാണ് അന്വേഷണ സംഘത്തിന് പിടികൂടാനായത്. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് ഇയാൾ വിചാരണ നേരിട്ടത്. ഈ കേസിൽ 40 സാക്ഷികളെ വിസ്തരിക്കുകയും 166 രേഖകളും മഹസ്സർ പ്രകാരം സീസ് ചെയ്ത 21 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

 

അന്നത്തെ മാനന്തവാടി സി.ഐ വിശ്വനാഥ കുറുപ്പാണ് കേസിന്റെ പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്ന് ജില്ലാ സി.ബി.സി.ഐ.ഡി ഡിറ്റക്ടീവ് ഇൻസ്പെക്ടർ കെ.ജി. ജെയിംസ് കേസേറ്റെടുക്കുകയും പിന്നീട് വന്ന ഡിറ്റക്ടീവ് ഇൻസ്പെക്ടർ വിജയശങ്കർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഇ.ആർ. സന്തോഷ് കുമാർ കോടതിയിൽ ഹാജരായി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!