യൂട്യൂബറുടെ വീട്ടിൽ മോഷണം നടത്തിയ നാല് പേര്‍ അറസ്റ്റിൽ; സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു

ചെന്നൈ: നാഗര്‍കോവിലിൽ യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ നാല് പേര്‍ അറസ്റ്റിൽ. ആലംകുളം സ്വദേശി മുരുകേശന്‍ (30) തിമ്മരാജപുരം സ്വദേശി തങ്കപാണ്ടി (39) ഉള്‍പ്പടെ 4 പേരാണ് പിടിയില്‍ ആയത്. കവര്‍ച്ച ചെയ്ത 98 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു.

 

സെപ്റ്റംബര്‍ 24 നായിരുന്നു യൂട്യൂബര്‍ വിനോദ് കുമാറിന്റെ വീട്ടില്‍ മോഷണം നടന്നത്. സമൂഹമാധ്യമങ്ങളിലൂടെ വിലപിടിപ്പുള്ള വസ്തുക്കളും പണവും പ്രദര്‍ശിപ്പിച്ച് വീഡിയോ ചെയ്തതിന് പിന്നാലെയായിരുന്നു മോഷണം. വീടിന്റെ പിന്‍വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയത്. 160 സിസിടിവി ദൃശ്യങ്ങളും 35 സിഡിആര്‍ രേഖകളും പൊലീസ് പരിശോധിച്ചു. സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷണം തുടരുകയാണ്.

 

ഒരുകോടിയോളം മൂല്യമുള്ള സ്വര്‍ണ – വജ്രാഭരണങ്ങളും അമ്പതിനായിരും രൂപയുമാണ് വീട്ടില്‍ നിന്നും നഷ്ടമായത്. വീട്ടുകാര്‍ ഷോപ്പിങിന് പോയിരുന്ന സമയമാണ് വീട്ടില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടത്. വീട്ടുകാര്‍ തിരിച്ചെത്തുമ്പോള്‍ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കര്‍ കുത്തിത്തുറന്ന നിലയിലായിരുന്നു.

 

യൂട്യൂബര്‍ വിനോദ് കുമാറിന്റെ ഭാര്യ മധുമിതയാണ് പൊലീസില്‍ പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ 4.5ലക്ഷം ഫോളോവേഴ്സ് മധുമിതയ്ക്കുണ്ട്. സ്ഥിരമായി ആഢംബര ജീവിതവുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളുമാണ് യുവതി യൂട്യൂബിലൂടെ ഉള്‍പ്പെടെ പങ്കുവയ്ക്കുന്നത്. കെട്ടുകണക്കിന് പണവും സ്വര്‍ണാഭരണങ്ങളുമാണ് ഭൂരിഭാഗവും വീഡിയോയിലും കണ്ടന്റ്.

 

ഒരു കുട്ടിയെ പണംകൊണ്ട് മൂടുന്നത് അടക്കമുള്ള വീഡിയോകള്‍ യുവതി തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. റീലുകളിലൂടെയോ പോസ്റ്റുകളിലൂടെയോ മോഷ്ടാക്കള്‍ക്ക് യുവതിയുടെ താമസസ്ഥലം മനസിലാക്കാന്‍ കഴിഞ്ഞോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. റീലുകളില്‍ ഒന്നില്‍ എങ്ങനെയാണ് വിലപ്പെട്ട സാധനങ്ങള്‍ സൂക്ഷിക്കേണ്ടതെന്ന് തനിക്ക് അറിയാമെന്ന് മധുമിത ഒരിക്കല്‍ പറഞ്ഞിരുന്നു. ഇന്‍ഫ്ളുവന്‍സറിന്റെ സോഷ്യല്‍ മീഡിയ ആക്ടിവിറ്റി നിരീക്ഷിച്ചാകാം മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!