2027ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി).ഒക്ടോബർ ഏഴിന് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പോരാട്ടത്തോടെയാണ് ലോകകപ്പിന് തുടക്കമാകുക. 2023ലെ ലോകകപ്പ് ഫൈനലിന്റെ ആവർത്തനമാകും ആദ്യ മത്സരം. ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന്റെ ഫൈനല്‍ നവംബർ 21ന് ജോഹന്നാസ്ബർഗിലാണ്. പ്രാഥമിക ഘട്ടത്തില്‍ രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് മത്സരിക്കുക.
ഗ്രൂപ്പ് എയില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സിംബാബ്‌വേ, ഒരു യോഗ്യതാ ടീം, ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ശ്രീലങ്ക, ബംഗ്ലാദേശ്, ഒരു യോഗ്യതാ ടീം. ഓരോ ഗ്രൂപ്പിലെയും മത്സരങ്ങള്‍ക്ക് ശേഷം ആകെ ഏഴ് മികച്ച ടീമുകള്‍ സൂപ്പർ സെവൻ ഘട്ടത്തിലേക്ക് കടക്കും. ഇതില്‍ നിന്ന് മികച്ച നാല് ടീമുകളാണ് സെമി ഫൈനലിലെത്തുക.
ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായ ഇന്ത്യ-പാകിസ്ഥാൻ മത്സരം ഒക്ടോബർ പത്തിന് ജോഹന്നാസ്ബർഗില്‍ നടക്കും. ഒക്ടോബർ ഏഴിന് ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തോടെ ലോകകപ്പ് ആരംഭിക്കുന്ന ഇന്ത്യയ്ക്ക് മൂന്ന് ദിവസത്തിന് ശേഷമാണ് ചിരവൈരികളായ പാകിസ്ഥാനെ നേരിടേണ്ടത്. ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതോടെ ടൂർണമെന്റില്‍ ഇരുടീമുകള്‍ക്കും പരമാവധി മൂന്ന് തവണ ഏറ്റുമുട്ടാനുള്ള അവസരമുണ്ട്. ആദ്യ ഘട്ടത്തിന് പുറമെ സൂപ്പർ സെവനിലും പിന്നീട് സെമിഫൈനലിലോ ഫൈനലിലോ ഇരുടീമുകള്‍ക്ക് നേർക്കുനേർ വരാം.
2023 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റതിന്റെ നിരാശയ്ക്ക് പിന്നാലെയാണ് ഇന്ത്യ വീണ്ടും ലോകകപ്പ് പോരാട്ടത്തിനിറങ്ങുന്നത്. 2003ലെ ലോകകപ്പ് ഫൈനലിലും ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടിയിരുന്നു. വിരാട് കൊഹ്‌ലിക്കും രോഹിത് ശർമ്മയ്ക്കും ഏകദിന ലോകകപ്പിലെ അവസാന വേദിയാകാൻ സാദ്ധ്യതയുള്ള ടൂർണമെന്റായതിനാല്‍ 2027 ലോകകപ്പിന് ഇന്ത്യൻ ക്രിക്കറ്റില്‍ പ്രത്യേക പ്രാധാന്യമുണ്ട്. 2023ലെ ഫൈനല്‍ തോല്‍വിക്ക് ശേഷമുള്ള തിരിച്ചുവരവിനുള്ള അവസരമായും ഇത്തവണത്തെ ടൂർണമെന്റ് മാറും.
