ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ 

ഡൽഹി-എൻസിആറിലും ഉത്തരാഖണ്ഡിലും റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപമുള്ള വനമേഖലയിൽ ഭൂമിക്കടിയിൽ പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഉത്തരാഖണ്ഡിന് പുറമെ ഡൽഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഹരിയാന, ചണ്ഡീഗഡ്, ഹിമാചൽ പ്രദേശ് എന്നിവടങ്ങളിലെ വിവിധ നഗരങ്ങളിൽ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന പ്രകമ്പനത്തെ തുടർന്ന് വീടുകളിലെയും ഓഫീസുകളിലെയും ഫർണിച്ചറുകളും കെട്ടിടങ്ങളും കുലുങ്ങിയത് ജനങ്ങളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.

 

രാത്രിയോടെയുണ്ടായ പ്രകമ്പനത്തെ തുടർന്ന് ഡൽഹിയിലെയും സമീപ നഗരങ്ങളിലെയും ഉയർന്ന ബഹുനില കെട്ടിടങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന് ആളുകൾ ഭയന്നോടി തുറസ്സായ സ്ഥലങ്ങളിലേക്കും തെരുവുകളിലേക്കും ഇറങ്ങിനിന്നു. ഉത്തരാഖണ്ഡിലെ ഡെഹ്റാഡൂൺ, ഉത്തിർകാശി, ചമോലി, രുദ്രപ്രയാഗ് എന്നീ ജില്ലകളിൽ പ്രകമ്പനം വളരെ ശക്തമായി അനുഭവപ്പെട്ടതായി പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. ആദ്യ പ്രകമ്പനത്തിന് ശേഷം ലഘുവായ തുടർച്ചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ സേന നിർദ്ദേശം നൽകിയിട്ടുണ്ട്.

 

ഭൂചലനത്തിൽ ഇതുവരെ ആളപായമോ വലിയ വസ്തുവകകളുടെ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. അപായ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും മുൻകരുതൽ നടപടിയായി ദുരന്തനിവാരണ സേനയെയും സുരക്ഷാ ഏജൻസികളെയും സജ്ജമാക്കി നിർത്തിയിട്ടുണ്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടോ എന്ന് വ്യക്തമാക്കാൻ പ്രാദേശിക ഭരണകൂടം പരിശോധനകൾ നടത്തിവരികയാണ്. സ്ഥിതിഗതികൾ സൂക്തമായി നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!