ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്; ;ബ്രാൻഡ് വയനാട് ലൈഫ് എക്സ്പീരിയൻസ് ട്രെയിൽസ് പദ്ധതികൾക്ക് തുടക്കമായി

കൽപ്പറ്റ: ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കാൻ സർക്കാർ അംഗീകാരത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ടൂറിസം സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്. വിനോദ സഞ്ചാര വകുപ്പ് സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ബ്രാൻഡ് വയനാട്’ പദ്ധതി, റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയുടെ ലൈഫ് എക്സ്‌പീരിയൻസ് ട്രെയിൽസ് പദ്ധതികൾ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

 

ജില്ലയുടെ പ്രകൃതി സൗന്ദര്യം, കൃഷി, സാഹസിക വിനോദം, ഫാം, ഹെറിറ്റേജ് ടൂറിസം മേഖലകൾ, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ, ഭക്ഷ്യ വൈവിധ്യങ്ങൾ, കലകൾ, കരകൗശലവിദ്യകൾ കോർത്തിണക്കി ലോകത്തിന് മുന്നിൽ ജില്ലയെ അവതരിപ്പിക്കുകയാണ് ‘ബ്രാൻഡ് വയനാട്’ പദ്ധതിയുടെ ലക്ഷ്യം. മലബാർ മേഖലയിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളുടെ ടൂറിസം വികസനം ഉൾപ്പെട്ടതാണ് ബ്രാൻഡ് വയനാടെന്നും മന്ത്രി പറഞ്ഞു.

വയനാടിനെ കൂർഗ്, മൈസൂരു ജില്ലകളുമായി ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട് വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി ദസറ ആഘോഷങ്ങളിൽ കേരളത്തിൻ്റെ കലാവിരുന്നും സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന നിശ്ചലദൃശ്യവും അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു സംസ്ഥാനത്തിന്റെ ദേശീയോത്സവമായ ഓണം മൈസൂർ ദസറ, നോർത്ത് ഈസ്റ്റിലെ ഹോൺബിൽ ഫെസ്റ്റിവൽ മാതൃകയിൽ വലിയ ഇവന്റാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.

 

ബ്രാൻഡ് വയനാട് പദ്ധതിയുടെ ഭാഗമായി വിവിധ പരിപാടികൾ ഡിസംബറോടെ ഡൽഹിയിൽ സംഘടിപ്പിക്കും. എക്സ‌്‌പീരിയൻഷ്യൽ ടൂറിസത്തിന് സാധ്യതയുള്ള ജില്ലയിൽ ലൈഫ് എക്സ്പീരിയൻസ് ട്രെയിൽസ് പദ്ധതിയുടെ ഭാഗമായി തിരുനെല്ലി ട്രെയിൽ, ചേകാടി ഉൾപ്പെടുന്ന കോഫി ട്രെയിൽ എന്നിവയ്ക്ക് തുടക്കമിട്ടു. കെ.റ്റി.ഡി.സി സ്ഥാപനങ്ങൾ നവീകരിച്ച് സാമ്പത്തിക ലാഭത്തിനുള്ള നടപടികൾ സ്വീകരിക്കും. വൈത്തിരി വില്ലേജിൽ നടന്ന പരിപാടിയിൽ എം.എൽ.എ ഉഷ വിജയൻ, ടുറിസം വകുപ്പ് ഡയറക്‌ടർ എം അഞ്ജന, ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്‌ടർ സുമിത് കുമാർ താക്കൂർ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കൽപ്പറ്റ നാരായണൻ, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി രാജൻ, വൈസ് പ്രസിഡന്റ് വത്സല സദാനന്ദൻ, വാർഡംഗം സിനി ജോജി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!