ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ് 

ഫ്ലൈദുബായ് വിമാനം തകർക്കാനുള്ള ഭീകരാക്രമണ നീക്കം തടഞ്ഞ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ അസാമാന്യ ധീരതയെ ആദരിച്ചുകൊണ്ട് അമേരിക്കൻ ജനപ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ചു. ഡെമോക്രാറ്റിക് അംഗം ജോഷ് ഗോട്‌ഹൈമർ, റിപ്പബ്ലിക്കൻ അംഗങ്ങളായ മൈക്കൽ മക്കോൾ, ഡോൺ ബെക്കൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച ഉഭയകക്ഷി പ്രമേയത്തിൽ വിമാനത്തിലെ 174 യാത്രക്കാരുടെയും ജീവൻ രക്ഷിച്ച സ്മിത് മച്ചാറിന്റെ സമയോചിതമായ ഇടപെടലിനെ പ്രശംസിച്ചു. ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈദുബായ് എഫ്ഇസഡ് 1073 വിമാനത്തിൽ നടന്ന ഈ ആക്രമണത്തെ അന്താരാഷ്ട്ര സിവിൽ വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമായി യുഎസ് സഭ ഔദ്യോഗികമായി അപലപിച്ചു.

 

വിമാനത്തിനുള്ളിൽ സഹപൈലറ്റായ ഒമാനി പൗരൻ അക്രമം അഴിച്ചുവിട്ടപ്പോൾ ഗുരുതരമായി പരിക്കേറ്റിട്ടും വിമാനത്തിന്റെ നിയന്ത്രണം തിരികെ പിടിച്ച് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സ്മിത് മച്ചാറിന് സാധിച്ചു. കോക്ക്പിറ്റിന്റെ സുരക്ഷ ഉറപ്പാക്കാനും വിമാനം താഴെയിറക്കാനും സഹായിച്ച മറ്റ് ജീവനക്കാരെയും സഹയാത്രക്കാരെയും യുഎസ് സഭയുടെ പ്രമേയം പ്രകീർത്തിച്ചു. പരിക്കേറ്റ സ്മിത് മച്ചാറിനും മറ്റ് ജീവനക്കാർക്കും വേഗത്തിൽ രോഗസൗഖ്യം ആശംസിച്ച പ്രമേയം, സംഭവത്തിൽ യുഎഇയും സൗദി അറേബ്യയും ചേർന്ന് സമഗ്രവും ദ്രുതഗതിയിലുള്ളതുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ അന്വേഷണ വിവരങ്ങൾ അമേരിക്കയെയും ഇസ്രായേലിനെയും കൃത്യമായി അറിയിക്കണമെന്നും സഭ ആവശ്യപ്പെട്ടു.

 

നിലവിൽ യുഎസ് സഭയുടെ വിദേശകാര്യ കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുന്ന ഈ പ്രമേയം അന്താരാഷ്ട്ര വ്യോമയാന സുരക്ഷയിലെ സുപ്രധാന നിലപാടായിട്ടാണ് വിലയിരുത്തപ്പെടുന്നത്. നാല് യുഎസ് പൗരന്മാരും ഈ വിമാനത്തിൽ ഉണ്ടായിരുന്നു എന്നത് കൊണ്ട് തന്നെ കേസ് വളരെ ഗൗരവത്തോടെയാണ് അമേരിക്കൻ വിദേശകാര്യ മന്ത്രാലയം വീക്ഷിക്കുന്നത്. കേസിൽ പിടിയിലായ പ്രതി മുൻകൂട്ടി പദ്ധതിയിട്ടാണ് വിമാനത്തിൽ കയറിയതെന്നും ഇയാൾക്ക് അന്താരാഷ്ട്ര തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോയെന്നും ആഗോള ഏജൻസികൾ പരിശോധിച്ചു വരികയാണ്. ഭീകരാക്രമണ ശ്രമത്തെ സ്വന്തം ജീവൻ പണയം വെച്ച് ചെറുത്ത ഇന്ത്യൻ പൈലറ്റിന്റെ ധീരതയ്ക്ക് ആഗോളതലത്തിൽ വലിയ അംഗീകാരമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!