തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നുമില്ലെങ്കിലും മിക്ക ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്ഇതിനൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച (ഒക്ടോബർ 9) വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലർട്ട് നിലവിലുണ്ടാകും. ഒറ്റപ്പെട്ട ശക്തമായ മഴ കണക്കിലെടുത്ത് മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും, നദീതീരങ്ങളിലും വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.
പ്രധാന മുന്നറിയിപ്പുകൾ
• മഴയും കാറ്റും: കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും മിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
• കള്ളക്കടൽ ജാഗ്രത: തിരുവനന്തപുരം, കന്യാകുമാരി തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും കടൽക്ഷോഭത്തിനും ഉയർന്ന സാധ്യതയുണ്ട്.
• തീരദേശ ജാഗ്രത: തീരദേശവാസികളും കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.
പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ
• ഇടിമിന്നൽ ഉള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക.
• ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.
• കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക
