30 കോടിയുടെ ആ ഭാഗ്യവാനെത്തി; ബാങ്കുവഴി ലോട്ടറി വകുപ്പിന് ടിക്കറ്റ് കൈമാറി പണം കൈപ്പറ്റി; തിരുവോണം ബംപര്‍ ഭാഗ്യശാലിയുടെ ആഗ്രഹം ‘അജ്ഞാതനായി തുടരാന്‍’

കണ്ണൂര്‍: തിരുവോണം ബംപര്‍ ഭാഗ്യക്കുറി ജേതാവ് ലോട്ടറി ടിക്കറ്റ് സമര്‍പ്പിച്ച് പണം കൈപ്പറ്റി. വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ലോട്ടറി വകുപ്പ് ഇയാളുടെ സ്വകാര്യത പരിഗണിച്ച് പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം 30 കോടി രൂപ തളിപ്പറമ്പില്‍ വിറ്റ ടിക്കറ്റിനാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ടിഎല്‍ 360615 എന്ന ടിക്കറ്റിനായിരുന്നു ഇത്തവണത്തെ ഓണം ബംപര്‍ അടിച്ചത്. വിവരങ്ങള്‍ പുറത്തുവിടരുതെന്ന വിജയിയുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച ലോട്ടറി വകുപ്പ്, സ്വകാര്യത സംരക്ഷിച്ചുകൊണ്ട് പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ബാങ്ക് വഴി കൃത്യമായി രേഖകള്‍ ഹാജരാക്കിയാണ് ഭാഗ്യശാലി സമ്മാനത്തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയത്.

 

കണ്ണൂര്‍ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിലെ തമ്പുരാന്‍ ലോട്ടറി ഏജന്‍സിയില്‍ നിന്ന് വിറ്റുപോയ TL 360615 എന്ന നമ്പറിലുള്ള ടിക്കറ്റിനായിരുന്നു 30 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. തമ്പുരാന്‍ ഏജന്‍സിയില്‍ നിന്ന് ലോട്ടറി വാങ്ങി വിറ്റ സബ് ഏജന്റും മുയ്യം സ്വദേശിയുമായ എം.വി. സുജിത്ത് കൊണ്ടുപോയ 30 ടിക്കറ്റുകളില്‍ ഒന്നായിരുന്നു ഈ സ്വപ്ന ടിക്കറ്റ്. ആരാണ് ആ ഭാഗ്യശാലിയെന്നറിയാന്‍ തളിപ്പറമ്പുകാരും ലോട്ടറി പ്രേമികളും ദിവസങ്ങളോളം കാത്തിരുന്നെങ്കിലും ആരോടും ഒന്നും മിണ്ടാതെ ഇയാള്‍ ബാങ്ക് അധികൃതര്‍ മുഖേന ടിക്കറ്റ് ലോട്ടറി ഡയറക്ടറേറ്റില്‍ എത്തിക്കുകയായിരുന്നു.

 

മുന്‍വര്‍ഷങ്ങളില്‍ ലോട്ടറി ബംപര്‍ അടിക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ നേരിടേണ്ടി വന്നിരുന്ന കടുത്ത മാനസിക സമ്മര്‍ദ്ദവും ബുദ്ധിമുട്ടുകളുമാകാം ഇത്തവണ അജ്ഞാതനായി തുടരാന്‍ ഇയാളെ പ്രേരിപ്പിച്ചത്. മുന്‍പ് കോടികള്‍ സമ്മാനം ലഭിച്ചവരെ തേടി ദൂരദേശങ്ങളില്‍ നിന്നുപോലും സഹായം ചോദിച്ച് ആളുകളുടെ പ്രവാഹവും ഫോണ്‍ കോളുകളുടെ ശല്യവും ഉണ്ടായ സംഭവം വലിയ വാര്‍ത്തയായിരുന്നു. ഇത്തരത്തിലുള്ള ചതിക്കുഴികളും ഉപദ്രവങ്ങളും ഒഴിവാക്കാന്‍ താന്‍ ആരാണെന്ന് പുറത്തുപറയേണ്ടതില്ലെന്ന് വിജയി തീരുമാനിക്കുകയായിരുന്നു.

 

ആകെ സമ്മാനത്തുകയായ 30 കോടി രൂപയില്‍ നിന്ന് ഏജന്‍സി കമ്മീഷന്‍, നികുതി, സെസ് എന്നിവ നിയമപ്രകാരം കിഴിച്ച ശേഷം 16.47 കോടി രൂപയാണ് ഭാഗ്യശാലിയുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തിയത്. 25 കോടിയായിരുന്ന ഒന്നാം സമ്മാനത്തുക ഇത്തവണ മുതലാണ് 30 കോടിയാക്കി ഉയര്‍ത്തിയത്.

 

ഇത്തവണ റെക്കോര്‍ഡ് വില്‍പ്പനയാണ് തിരുവോണം ബംപറിന് ലഭിച്ചത്. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും മുഴുവനായി വിറ്റഴിഞ്ഞു. ഒന്നാം സമ്മാനം കൂടാതെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും, മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേര്‍ക്കും, നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം പത്തുപേര്‍ക്കും നല്‍കിയതോടെ ജനങ്ങള്‍ക്കിടയില്‍ വന്‍ ആവേശമാണ് ഇത്തവണത്തെ ബംപര്‍ ഉണ്ടാക്കിയത്. പേര് പുറത്തുവന്നില്ലെങ്കിലും 16.47 കോടി രൂപയുടെ സമ്പത്തുമായി തളിപ്പറമ്പിലെ ആ ഭാഗ്യശാലി ഇപ്പോള്‍ കോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചുകഴിഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!