തിയറ്ററുകളിലെ തീവെട്ടിക്കൊള്ളയ്ക്ക് പൂട്ടിട്ടു! പോപ്‌കോണിലും ചായയിലും കള്ളത്തരം; മിന്നല്‍ പരിശോധനയില്‍ 26 കേസുകള്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സിനിമ തിയറ്ററുകളില്‍ ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, സിവില്‍ സപ്ലൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത മിന്നല്‍ പരിശോധന നടത്തി. തിയറ്ററുകളില്‍ കുടിവെള്ളം ഉറപ്പാക്കാതിരിക്കുക, അമിതവില ഈടാക്കുക, വിലവിവരം പ്രദർശിപ്പിക്കാതിരിക്കുക എന്നീ പരാതികളെത്തുടർന്ന് മന്ത്രി അനൂപ് ജേക്കബിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. കഴിഞ്ഞ മാസം നടന്ന പരിശോധനയുടെ രണ്ടാംഘട്ടമാണിത്. പരിശോധനയില്‍ ആകെ 26 കേസുകള്‍ രജിസ്റ്റർ ചെയ്യുകയും അഞ്ച് കാരണംകാണിക്കല്‍ നോട്ടീസുകള്‍ നല്‍കുകയും ചെയ്തു. പിഴയായി 62,000 രൂപയും ഈടാക്കി. ഇത്തരം സംയുക്ത പരിശോധനകള്‍ എല്ലാ മാസവും തുടരുമെന്ന് മന്ത്രി അറിയിച്ചു.

 

കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര സുരഭി തിയേറ്ററില്‍ പാക്കറ്റുകളില്‍ നിർമ്മാതാവിന്റെ വിവരങ്ങള്‍ രേഖപ്പെടുത്താത്തതിന് നോട്ടീസ് നല്‍കി. ചെറുവണ്ണൂർ ഫറോക്കിലെ മല്ലിക പ്ലെക്സ് തിയേറ്ററില്‍ 60 ഗ്രാം പോപ്‌കോണില്‍ 7.5 ഗ്രാം തൂക്കം കുറച്ചു വിറ്റതിന് കേസെടുത്തു. വൃത്തിഹീനമായ സാഹചര്യം, ലേബല്‍ വിവരങ്ങളുടെ കുറവ്, ലൈസൻസ് പുതുക്കാത്തത് എന്നീ കാരണങ്ങളാല്‍ ഭക്ഷ്യസുരക്ഷാ വകുപ്പും ഇവിടെ കേസെടുത്തിട്ടുണ്ട്. കണ്ണൂർ പയ്യന്നൂർ അർച്ചന കോംപ്ലക്സില്‍ 65 ഗ്രാം പോപ്‌കോണ്‍ 52 ഗ്രാം മാത്രമായി വിറ്റതിന് 10,000 രൂപ പിഴ ഈടാക്കി. ചെറുപുഴ എ.കെ. സിനി പാലസില്‍ 60 ഗ്രാം പോപ്‌കോണിന് 5,000 രൂപയും പിഴ ഈടാക്കി. കണിച്ചാർ ദേവ് സിനിമാസിലും തൂക്കക്കുറവ് കണ്ടെത്തി. ഉളിക്കല്‍ എസ്.ജെ.എസ്. ജി തിയേറ്ററില്‍ വെയിംഗ് മെഷീൻ മുദ്രചെയ്യാത്തതിന് കേസെടുത്തപ്പോള്‍, വിലവിവര പട്ടിക പ്രദർശിപ്പിക്കാനും കുടിവെള്ളം സജ്ജീകരിക്കാനും മറ്റൊരു സ്ഥാപനത്തിന് സിവില്‍ സപ്ലൈസ് വകുപ്പ് നിർദ്ദേശം നല്‍കി

 

കോട്ടയം ധന്യ രമ്യ തിയേറ്ററില്‍ പോപ്‌കോണുകളില്‍ തൂക്കക്കുറവ് കണ്ടെത്തിയതിനെ തുടർന്ന് 5,000 രൂപ പിഴ ഈടാക്കി. അനുപമ തിയേറ്റർ, കുമരകം വെല്‍വെറ്റ് വ്യൂ തിയേറ്റർ എന്നിവിടങ്ങളില്‍ നോണ്‍ സ്റ്റാന്‍ഡേര്‍ഡ് അളവ് ഉപയോഗിച്ചതിന് നോട്ടീസും നല്‍കി. എറണാകുളം ജില്ലയില്‍ ആലുവ, അങ്കമാലി, നോർത്ത് പറവൂർ, അയ്യമ്പിള്ളി, ഞാറക്കല്‍ എന്നിവിടങ്ങളിലെ 8 തിയറ്ററുകളിലാണ് പരിശോധന നടന്നത്. ആലുവ മാതാ-മാധുര്യ തിയേറ്ററില്‍ 30 രൂപയുടെ 210 എം.എല്‍. ചായയ്ക്ക് പകരം 130 എം.എല്‍. മാത്രമാണ് നല്‍കിയത്. കൂടാതെ പോപ്‌കോണുകളിലും അളവുകുറവ് കണ്ടെത്തി. ഇതേതുടർന്ന് ഈ തിയേറ്ററിന് 25,000 രൂപ പിഴ ചുമത്തി. ആലപ്പുഴ ചെങ്ങന്നൂർ സി സിനിമാസില്‍ മുദ്രപതിപ്പിക്കാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് 2,000 രൂപ പിഴയിട്ടപ്പോള്‍, ആലപ്പുഴ റൈബാൻ സിനി ഹൗസിന് നോട്ടീസും നല്‍കി.

 

കൊല്ലം ചിന്നക്കട ഉഷ എ/സി സിനിമാ തിയേറ്ററില്‍ 130 എം.എല്‍. കോഫിക്ക് പകരം 92 എം.എല്‍. നല്‍കിയതിനും ലേബല്‍ വിവരങ്ങള്‍ ഇല്ലാത്തതിനും ബില്‍ നല്‍കാത്തതിനും സപ്ലൈ ഓഫീസറും ഭക്ഷ്യസുരക്ഷാ വകുപ്പും കേസെടുത്തു. പാലക്കാട് ചുണ്ണാമ്പുത്തറ സി.എൻ.സി. സിനിമാസില്‍ 65 ഗ്രാം പോപ്‌കോണ്‍ പാക്കറ്റില്‍ 25 ഗ്രാം കുറവ് കണ്ടെത്തി. മലപ്പുറം കോട്ടക്കല്‍ ലീന തിയേറ്ററില്‍ പോപ്‌കോണുകളില്‍ തൂക്കക്കുറവ് കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യം, ജീവനക്കാരുടെ മെഡിക്കല്‍ സർട്ടിഫിക്കറ്റ് ഇല്ലാതിരിക്കല്‍ എന്നിവയ്ക്കും ഭക്ഷ്യസുരക്ഷാ വകുപ്പ് ഇവിടെ കേസെടുത്തു. തൃശൂർ ഇരിങ്ങാലക്കുട ചെമ്പകശേരി സിനിമാസ്, ചാലക്കുടി ഡി സിനിമാസ്, സുരഭി തിയേറ്റർ, ഊരകം ശിവദം തിയേറ്റർ എന്നിവിടങ്ങളില്‍ ഇലക്‌ട്രോണിക് ത്രാസുകള്‍ പുനഃപരിശോധന നടത്തി മുദ്ര പതിപ്പിക്കാത്തതായി കണ്ടെത്തി. മറ്റു ജില്ലകളില്‍ നടത്തിയ പരിശോധനകളില്‍ ക്രമക്കേടുകള്‍ ഒന്നും തന്നെ കണ്ടെത്താനായില്ല.

.

NB: ഈ വാർത്തയില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!