തിരുവനന്തപുരം: കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തമിഴ്‌നാട് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സ്ഥലംമാറിപ്പോയ ഒഴിവിലേക്കാണ് സിക്കിം ഗവർണറായിരുന്ന ഓം പ്രകാശ് മാഥൂർ കേരളത്തിലെത്തുന്നത്.
ലോക്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് ചടങ്ങിനെത്തിയില്ല. ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിൽ പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവർണർ പ്രതികരിച്ചു.
വ്യഴാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കൽ കോമ്പൗണ്ടിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളോടെയാണ് ഓം പ്രകാശ് മാഥൂറിന് സ്വീകരണം നൽകിയത്. ഈ ചടങ്ങിൽ മന്ത്രിമാർ, ചീഫ് സെക്രട്ടറി, തിരുവനന്തപുരം മേയർ വി.വി. രാജേഷ്, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായിരുന്നു.
