കൊച്ചി: ചേരാനല്ലൂരില്‍ പ്രായപൂർത്തിയാകാത്തയാള്‍ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തില്‍, ജുവനൈലിന്റെ പിതാവും വാഹനത്തിന്റെ ഉടമസ്ഥനുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ജഡ്ജിക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 199എ പ്രകാരം ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ അഡ്വ.സുഭാഷ് തീക്കാടൻ ചേരാനല്ലൂർ പോലീസില്‍ പരാതി നല്കി. ഒക്ടോബർ 25ന് പുലർച്ചെ ചേരാനല്ലൂർ കണ്ടെയ്നർ റോഡിലുണ്ടായ അപകടത്തില്‍ 55 വയസുകാരനായ ജയബാലകൃഷ്ണനാണ് മരിച്ചത്.
സംഭവത്തില്‍ ചേരാനല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 499/2026-ല്‍ വാഹനമോടിച്ച ജുവനൈലിന്റെ പിതാവിനെതിരെ മോട്ടോർ വാഹന നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 199എ പ്രകാരം പ്രായപൂർത്തിയാകാത്തവർ നടത്തുന്ന നിയമലംഘനങ്ങള്‍ക്ക് നിയമം അനുശാസിക്കുന്ന സാഹചര്യങ്ങളില്‍ രക്ഷിതാവിനോ വാഹന ഉടമയ്ക്കോ ക്രിമിനല്‍ ഉത്തരവാദിത്തമുണ്ടെന്നും മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ രജിസ്ട്രേഷൻ നിയമപ്രകാരം ഒരു വർഷത്തേക്ക് റദ്ദാക്കുന്നതിനും ജുവനൈലിന് 25 വയസ് പൂർത്തിയാകുന്നതുവരെ ഡ്രൈവിങ് ലൈസൻസോ ലേണേഴ്സ് ലൈസൻസോ അനുവദിക്കാതിരിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനം ജുവനൈലിന്റെ കൈവശമെത്തിയ സാഹചര്യം, വാഹനത്തിന്റെ യഥാർത്ഥ ഉടമസ്ഥാവകാശം, രജിസ്ട്രേഷൻ വിവരങ്ങള്‍ എന്നിവ വിശദമായി അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
ജുവനൈലിനെതിരെയുള്ള നടപടികള്‍ക്ക് പുറമേ രക്ഷിതാവിന്റെ നിയമപരമായ ഉത്തരവാദിത്തവും സ്വതന്ത്രമായി അന്വേഷിക്കണമെന്ന കേരള ഹൈക്കോടതിയുടെ മുൻവിധിയും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട വ്യക്തി ജുഡീഷ്യല്‍ ഓഫീസറായതിനാല്‍, നിയമപ്രകാരമുള്ള നടപടികള്‍ ഉറപ്പാക്കുന്നതിനും വിഷയത്തില്‍ ആവശ്യമായ ഭരണപരമായ പരിശോധന നടത്തുന്നതിനുമായി ജഡ്ജിക്കെതിരെ കേരള ഹൈക്കോടതി രജിസ്ട്രാർ ജനറലിനെയും സമീപിക്കുമെന്ന് അഡ്വ. സുഭാഷ് തീക്കാടൻ വ്യക്തമാക്കി.
