തിരുവനന്തപുരം: കേരളത്തിൽ പാല്‍ വില ലിറ്ററിന് 10 രൂപ വരെ വര്‍ധിപ്പിക്കണമെന്ന ശക്തമായ ആവശ്യവുമായി തിരുവനന്തപുരം മില്‍മ മേഖലാ യൂണിയൻ തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പാൽ വില കൂട്ടണമെന്ന നിർണായക നിർദ്ദേശമുണ്ടായത്. ഇക്കാര്യം ഔദ്യോഗികമായി ചൂണ്ടിക്കാട്ടി മില്‍മ ഉടൻ തന്നെ സംസ്ഥാന സർക്കാരിന് കത്തുനൽകും.
സംസ്ഥാനത്തെ കടുത്ത പ്രതിസന്ധി നേരിടുന്ന ക്ഷീര കർഷകരുടെ ദയനീയ അവസ്ഥ കണക്കിലെടുത്താണ് പാല്‍ വില വലിയ രീതിയിൽ വര്‍ധിപ്പിക്കണമെന്ന ആവശ്യം തിരുവനന്തപുരം മേഖലാ യൂണിയൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ഉത്പാദനച്ചെലവ് ക്രമാതീതമായി ഉയർന്നതിനാൽ നിലവിലെ സാഹചര്യത്തിൽ പാല്‍ വില കൂട്ടാതെ കർഷകരെ പിടിച്ചുനിർത്താൻ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്നാണ് ഇവർ വ്യക്തമാക്കുന്നത്.
ചില മാസങ്ങള്‍ക്ക് മുന്‍പ് മില്‍മ പാലിന്റെ വില ലിറ്ററിന് നാല് രൂപയോളം വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ 10 രൂപയുടെ വലിയ വർദ്ധനവ് വേണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള അമൂല്‍ (Amul), നന്ദിനി (Nandini) തുടങ്ങിയ പ്രമുഖ കമ്പനികൾ അടുത്തിടെ തങ്ങളുടെ പാല്‍ ഉത്പന്നങ്ങളുടെ വില വൻതോതിൽ വർധിപ്പിച്ചിരുന്നു. മിൽമ കൂടി പാൽ വില വർദ്ധിപ്പിച്ചാൽ അത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാകും
