തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്നവര്‍ക്ക് യാതൊരുവിധ പിഴയും കൂടാതെ അവ പൊതുവിഭാഗത്തിലേക്ക് സ്വമേധയാ മാറ്റുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ എട്ടുവരെ നീട്ടിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അറിയിച്ചു സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടും മഞ്ഞ, പിങ്ക് (AAY/PHH) റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്ന അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് പിഴയോ മറ്റ് നിയമനടപടികളോ നേരിടാതെ കാര്‍ഡുകള്‍ ബന്ധപ്പെട്ട ഓഫീസുകളിൽ തിരികെ ഏല്‍പ്പിക്കാനുള്ള സുവർണ്ണാവസരമാണിത്.
നിശ്ചയിച്ചിരിക്കുന്ന ഈ സമയപരിധിക്കുശേഷം താലൂക്ക് സപ്ലൈ ഓഫീസുകളുടെ നേതൃത്വത്തിൽ കർശന പരിശോധനകൾ നടക്കുമെന്നും, അനര്‍ഹരെന്ന് കണ്ടെത്തുന്ന വ്യക്തികളിൽനിന്ന് ഇതുവരെ സർക്കാരിൽ നിന്നും കൈപ്പറ്റിയ സൗജന്യ/സബ്സിഡി റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ വിപണി വില കണക്കാക്കി വലിയ തുക പിഴയായി ഈടാക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആരൊക്കെയാണ് കാര്‍ഡ് സറണ്ടർ ചെയ്യേണ്ടത്?
◾ജീവിതസാഹചര്യങ്ങളിലും സാമ്പത്തിക നിലയിലും വലിയ മാറ്റങ്ങളുണ്ടായിട്ടും മുന്‍ഗണനാ കാര്‍ഡുകള്‍ തുടര്‍ന്നും ദുരുപയോഗം ചെയ്യുന്നവരെയാണ് ഈ പരിശോധനാ നടപടിയുടെ പരിധിയില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്.
◾സർക്കാർ, അർധസർക്കാർ ജീവനക്കാർ, സർക്കാർ സ്കൂൾ/കോളേജ് അധ്യാപകർ, പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ.
◾സർവീസ് പെന്‍ഷന്‍കാര്‍, ആദായനികുതി അടയ്ക്കുന്ന വ്യക്തികൾ.
◾കുടുംബത്തിന്റെ പ്രതിമാസം മൊത്തം വരുമാനം 25,000 രൂപയില്‍ കൂടുതലുള്ളവര്‍.
◾ഒരേക്കറിലധികം സ്വന്തമായി ഭൂമിയുള്ളവര്‍, 1,000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള ആഡംബര വീടോ ഫ്ളാറ്റോ ഉള്ളവര്‍.
◾സ്വന്തമായി നാല് ചക്ര വാഹനം ഉള്ളവര്‍ (ടാക്സി ഒഴികെ).
◾വിദേശത്തോ മറ്റ് വൻകിട സ്വകാര്യ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന കുടുംബാംഗത്തിന് പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ വരുമാനമുണ്ടെങ്കിലും മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയുണ്ടാകില്ല.
പ്രത്യേക ഇളവുകൾ ബാധകമായവർ
◾ചില നിശ്ചിത വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങളില്‍ പ്രത്യേക ഇളവുകൾ അനുവദിച്ചിട്ടുണ്ട്. പാർട്ട് ടൈം, താല്‍ക്കാലിക ജീവനക്കാര്‍, നാലാം ക്ലാസ് തസ്തികകളില്‍നിന്ന് വിരമിച്ച തുച്ഛമായ പെന്ഷൻ വാങ്ങുന്നവര്‍, പ്രതിമാസം 5,000 രൂപയില്‍ താഴെ മാത്രം പെന്ഷന് ലഭിക്കുന്നവര്‍, 10,000 രൂപയില്‍ താഴെ സ്വാതന്ത്ര്യസമര പെന്ഷന് ലഭിക്കുന്നവര്‍ എന്നിവരെ ഈ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, ഒരേക്കറിലധികം ഭൂമിയുള്ള അർഹരായ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും, ഉപജീവനത്തിനുള്ള ഏക വരുമാനമാര്‍ഗമായി ടാക്സി വാഹനം ഉപയോഗിക്കുന്ന നാല് ചക്ര വാഹന ഉടമകള്‍ക്കും ഈ മാനദണ്ഡങ്ങളിൽ ഇളവുണ്ട്.
കാർഡുകൾ മാറ്റേണ്ടത് എങ്ങനെയൊക്കെ?
◾റേഷന്‍ കാര്‍ഡിന്റെ വിഭാഗം മാറ്റുന്നതിനായി ഉപഭോക്താക്കൾ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്. ഇതിനായി ഒറിജിനല്‍ റേഷന്‍ കാര്‍ഡ്, കുടുംബനാഥന്റെ ആധാര്‍ കാര്‍ഡ് പകർപ്പ്, വിഭാഗം മാറ്റുന്നതിനുള്ള നിര്‍ദിഷ്ട അപേക്ഷാ ഫോറം എന്നിവ കൃത്യമായി ഹാജരാക്കണം. വരുന്ന ഡിസംബര്‍ 8-നകം സ്വമേധയാ ഈ നടപടികള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് യാതൊരുവിധ പിഴയോ നിയമനടപടികളോ നേരിടേണ്ടിവരില്ല. അനര്‍ഹരുടെ കാര്‍ഡുകള്‍ പൂര്‍ണമായി റദ്ദാക്കുന്നതിനു പകരം അര്‍ഹതയ്ക്കനുസരിച്ച് മുന്‍ഗണനാ വിഭാഗത്തില്‍നിന്ന് പൊതുവിഭാഗത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇതുവഴി നിലവില്‍ മുന്‍ഗണനാ പട്ടികയില്‍ ഇടം ലഭിക്കാത്ത അര്‍ഹരായ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന യഥാർത്ഥ കുടുംബങ്ങള്‍ക്ക് ഭാവിയിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കാനാകുമെന്നാണ് ഭക്ഷ്യവകുപ്പ് വ്യക്തമാക്കുന്നത്.
