ഇരിക്കൂർ: കണ്ണൂർ ഇരിക്കൂറിലെ ഇലക്ട്രിക്കൽ – പ്ലംബിംഗ് ഹാർഡ്‌വെയർ സ്ഥാപനത്തിൽ നിന്നും ക്യൂ.ആർ. കോഡ് (QR Code) മാറ്റി സ്ഥാപനത്തിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ .
വയനാട് തലപ്പുഴ നല്ലപ്പുഴ സ്വദേശി എം.പി. ജാബിറാണ് (അസിസ്റ്റന്റ് മാനേജർ) ഇരിക്കൂർ പോലീസിന്റെ പിടിയിലായത്.ഇരിക്കൂറിൽ പ്രവർത്തിക്കുന്ന നാഷണൽ സ്‌മാർട്ട് ഹോം എന്ന സ്ഥാപനത്തിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. 2025 ഏപ്രിൽ മാസം മുതൽ 2026 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് സ്ഥാപനത്തിൽ ഉപഭോക്താക്കളിൽ നിന്നും ലഭിക്കേണ്ട വൻ തുക പ്രതി അടിച്ചെടുത്തത്. സ്ഥാപനത്തിന്റെ ഒറിജിനൽ ക്യൂ.ആർ. കോഡ് മാറ്റി പകരം തന്റെ സ്വന്തം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ് ജാബിർ ഈ തട്ടിപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.
സ്ഥാപനത്തിലെ തട്ടിപ്പ് പിന്നീട് ഓഡിറ്റിംഗിലും കണക്കെടുപ്പിലും പിടിക്കപ്പെട്ടതോടെ, പ്രതി കുറ്റം സമ്മതിക്കുകയും ആദ്യഘട്ടത്തിൽ 15 ലക്ഷം രൂപ സ്ഥാപന ഉടമയ്ക്ക് തിരികെ നൽകുകയും ചെയ്തിരുന്നു. എന്നാൽ ബാക്കി തുകയായ 37 ലക്ഷം രൂപ തുടർന്ന് തിരികെ നൽകാതെ വഞ്ചിച്ചു എന്ന് കാണിച്ച് സ്ഥാപന ഉടമ ഷമീർ കേളോത്ത് നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരിക്കൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
