ജപ്തിക്കിടെ വീട്ടമ്മയുടെ ആത്മഹത്യ; ബാങ്കിന് മുന്നിലെ സമരത്തിൽ 200 പേർക്കെതിരെ കേസ്

കോഴിക്കോട് : നടുവണ്ണൂർ ജപ്തിക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് നടുവണ്ണൂർ എസ്ബിഐ ബാങ്കിന് മുന്നിൽ നടന്ന സമരത്തിൽ ബാലുശ്ശേരി പൊലീസ് കേസെടുത്തു. ഗതാഗതം തടസ്സപ്പെടുത്തിയതിനും ബാരിക്കേഡ് തകർത്തതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്.കടം എഴുതി തള്ളണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ഇന്നലെ രാവിലെ 10.30 മുതൽ നാല് മണിക്കൂറോളം പേരാമ്പ്ര – കോഴിക്കോട് റോഡ് തടഞ്ഞ് കവിതയുടെ മൃതദേഹവുമായി ജനകീയ പ്രതിഷേധം നടന്നിരുന്നു.ഗതാഗത തടസം സൃഷ്ടിച്ചതിന് കണ്ടാലറിയുന്ന 10 പേരുൾപ്പെടെ ഏകദേശം 200 പേർക്കെതിരെയാണ് ഒരു കേസ്. ബാരിക്കേഡ് തകർത്ത് ബാങ്കിനുള്ളിലേക്ക് കയറാൻ ശ്രമിച്ചതിന് കണ്ടാലറിയുന്ന 6 പേരുൾപ്പെടെ 200 ഓളം പേർക്കെതിരെയും മറ്റൊരു കേസ് എടുത്തിട്ടുണ്ട്.

അതേസമയം, സമരത്തിൽ ജില്ലയ്ക്ക് പുറത്ത് നിന്ന് ആളുകൾ എത്തിയിട്ടുണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.അതേസമയം, വീട്ടമ്മയുടെ ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് ആർ.ബി.ഐ ഓംബുഡ്സ്മാനും ബാങ്ക് നോഡൽ ഓഫീസർക്കും പരാതി ലഭിച്ചിട്ടുണ്ട്. മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിലാണ് പരാതിക്കാരൻ.ബാങ്ക് നിരന്തരം ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്നും, ബാങ്കിന്റെ കടുത്ത മാനസിക പീഡനമാണ് യുവതിയുടെ മരണ കാരണമെന്നും പരാതിയിൽ പറയുന്നു. ജപ്തിയിൽ ആർ.ബി.ഐയുടെ നയങ്ങൾ പാലിച്ചില്ലെന്നും ബാങ്ക് ഉദ്യോഗസ്ഥർക്കും ശാഖയ്ക്കുമെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കവിതയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും പരാതിയിൽ പറയുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!