പെൺവേഷം ധരിച്ച് സ്ഥിരം മോഷണം നടത്തുന്ന കുറ്റവാളി അറസ്റ്റിൽ

കൽപ്പറ്റ: റെസ്റ്റോറന്റിൽ മോഷണം നടത്തിയ സ്ഥിരം കുറ്റവാളി പിടിയിൽകൽപ്പറ്റ ബൈപാസ് റോഡിലുള്ള ബെഞ്ചോസ് (Benjo’s) റെസ്റ്റോറന്റിൽ നടന്ന മോഷണക്കേസിൽ നിരവധി മോഷണക്കേസുകളിലെ പ്രതിയായ യുവാവിനെ കൽപ്പറ്റ പോലീസ് പിടികൂടി. പുൽപ്പള്ളി പാടിച്ചിറ കിഴക്കനേത്ത് വീട്ടിൽ റോമിയോ ബേബി (29) ആണ് പിടിയിലായത്.

 

നവംബർ 16-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. റെസ്റ്റോറന്റിനുള്ളിൽ അതിക്രമിച്ചു കയറിയ ഇയാൾ, മേശവലിപ്പിന്റെ പൂട്ട് തകർത്ത് അകത്ത് സൂക്ഷിച്ചിരുന്ന 15,000 രൂപ വിലമതിക്കുന്ന ആൻഡ്രോയിഡ് മൊബൈൽ ഫോൺ മോഷ്ടിക്കുകയായിരുന്നു. റെസ്റ്റോറന്റിലെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മറ്റും പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.

 

ഒളിവിൽ പോയ പ്രതിയെ വയനാട് ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ് (SAGOC) അംഗങ്ങളായ ബിജു വർഗീസ്, ഷാലു ഫ്രാൻസിസ് എന്നിവർ ചേർന്ന് ഇന്ന് (നവംബർ 20) പുലർച്ചെ 3 മണിയോടെ മാഹിയിൽ വെച്ച് പിടികൂടുകയായിരുന്നു. തുടർന്ന് കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുടെ ബാഗിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോൺ പോലീസ് കണ്ടെടുക്കുകയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു.

 

വയനാട്, കണ്ണൂർ ജില്ലകളിൽ പുൽപ്പള്ളി, കൽപ്പറ്റ, കേണിച്ചിറ, മാനന്തവാടി, തിരുനെല്ലി, ഇരിട്ടി, വളയാർ, നൂൽപ്പുഴ എന്നീ പോലീസ് സ്റ്റേഷനുകളിലായി പതിനഞ്ചോളം മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണ്. കാട്ടിക്കുളത്ത് കരുണ ഭവൻ വൃദ്ധ സദനത്തിൽ നിന്ന് 22000 രൂപ വില മതിക്കുന്ന കാപ്പിക്കുരു മോഷണം നടത്തിയ കേസ് , പാടിച്ചിറ ക്ഷേത്രത്തിലെ ഭണ്ഡാരവും മേശവലിപ്പും കുത്തി തുറന്ന് 4000 രൂപയോളം കവർന്ന സംഭവം, കാട്ടിക്കുളം സെന്റ് പീറ്റെഴ്സ് മലങ്കര പള്ളിയിൽ കയറി സി.സി.ടി.വിയുടെ ഡി.വി.ആർ മോഷ്ടിച്ച കേസിലും, ഇരിട്ടി നിത്യ സഹായ മാതാ പള്ളിയിലെ ഭണ്ഡാരം പൊളിച്ച് 55000 രൂപയോളം കവർന്നത് എന്നിങ്ങനെ നിരവധി മോഷണക്കേസുകളാണുള്ളത് .

 

അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി സ്ത്രീവേഷം കെട്ടി മോഷണം നടത്തുന്നത് ഇയാളുടെ പതിവ് രീതിയാണ്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് ഇയാൾക്കെതിരെ മുൻപ് കാപ്പ (KAAPA) നിയമപ്രകാരമുള്ള നടപടികളും പോലീസ് സ്വീകരിച്ചിരുന്നു.

 

കൽപ്പറ്റ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ എ.യു. ജയപ്രകാശിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ വി.എം രമേശ്, സീനിയർ സി.പി.ഒ ബിഗേഷ്, സി പി ഒ റിജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!