പമ്പ നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5000 രൂപ പിഴ

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ പമ്പാനദിയിലെ മാലിന്യപ്രശ്നം തടയുന്നതിനായി ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പമ്പാനദിയിലോ കൈവഴികളിലോ സ്നാനഘട്ടങ്ങളിലോ ഉപയോഗിച്ച വസ്ത്രങ്ങളും തുണിത്തരങ്ങളും മറ്റ് വ്യക്തിഗത സാധനങ്ങളും ഉപേക്ഷിക്കുന്നവർക്ക് 5000 രൂപ വരെ തത്സമയ പിഴ (Spot Fine) ചുമത്തുമെന്ന് ശബരിമല അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം) ദിലീപ് കെ. കൈനിക്കര ഉത്തരവിട്ടു. വസ്ത്രങ്ങൾക്ക് പുറമെ പ്ലാസ്റ്റിക് മാലിന്യങ്ങളും ഖര-ജൈവ മാലിന്യങ്ങളും നദിയിലും തീരങ്ങളിലും പൊതുസ്ഥലങ്ങളിലും വലിച്ചെറിയുന്നതും പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. നദിയിലെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നതും ജലജന്യ രോഗങ്ങൾ പടരാനുള്ള സാധ്യതയും കണക്കിലെടുത്താണ് ഈ അടിയന്തര നടപടി.

 

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്) സെക്ഷൻ 163, കേരള പഞ്ചായത്ത് രാജ് ആക്ട് എന്നിവ പ്രകാരമാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി പിഴ ഈടാക്കാൻ പമ്പയിലെ ഡ്യൂട്ടി മജിസ്ട്രേറ്റ്, പോലീസ് സ്പെഷ്യൽ ഓഫീസർ, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് അധികാരം നൽകിയിട്ടുണ്ട്. പിഴ ചുമത്തി 15 ദിവസത്തിനുള്ളിൽ തുക അടച്ചില്ലെങ്കിൽ ഭാരതീയ ന്യായ സംഹിത, ജലമലിനീകരണ നിയന്ത്രണ നിയമം എന്നിവ പ്രകാരം പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ നേരിടേണ്ടിവരും. പിഴയായി ശേഖരിക്കുന്ന തുക റാന്നി-പെരുനാട് പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിക്ഷേപിക്കുകയും ശബരിമലയിലെയും പമ്പയിലെയും ശുചീകരണ പ്രവർത്തനങ്ങൾക്കും നദീസംരക്ഷണത്തിനുമായി മാത്രം വിനിയോഗിക്കുകയും ചെയ്യും.

 

നവംബർ 22 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന ഈ ഉത്തരവ് രണ്ട് മാസത്തേക്ക് നിലനിൽക്കും. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് തീർത്ഥാടകരുടെയും പ്രദേശവാസികളുടെയും പ്രധാന കുടിവെള്ള സ്രോതസ്സാണ് പമ്പാനദിയെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് വിവിധ ഭാഷകളിൽ ബോർഡുകൾ സ്ഥാപിച്ചും അനൗൺസ്‌മെന്റുകൾ വഴിയും തീർത്ഥാടകർക്ക് കൃത്യമായ ബോധവൽക്കരണം നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്, പോലീസ്, റവന്യൂ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!