നെടുമ്പാശ്ശേരിയിൽ വൻ ലഹരിവേട്ട; 5 കോടി രൂപ വിലമതിക്കുന്ന രണ്ടര കിലോ ചരസുമായി യുവാവ് പിടിയിൽ

നെടുമ്പാശ്ശേരിയിൽ നടത്തിയ പരിശോധനയിൽ വൻതോതിലുള്ള ചരസ് ശേഖരവുമായി 25-കാരൻ പോലീസ് പിടിയിലായി. കാസർഗോഡ് നീലേശ്വരം ചിറപ്പുറം വെള്ളിക്കോത്ത് സ്വദേശി മുഹമ്മദ് സിറാജുദ്ദീനെയാണ് എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് സംഘവും നെടുമ്പാശ്ശേരി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത ചരസിന് വിപണിയിൽ ഏകദേശം അഞ്ച് കോടി രൂപ വിലവരുമെന്നാണ് പോലീസ് കണക്കാക്കുന്നത്.

 

ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു നടപടി. നെടുമ്പാശ്ശേരിയിലെ ഒരു ഹോട്ടലിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ചെറിയ പൊതികളിലാക്കി സൂക്ഷിച്ചിരുന്ന രണ്ടര കിലോയോളം ചരസും ഇയാളിൽ നിന്ന് കണ്ടെടുത്തു.

 

ഡൽഹിയിൽ നിന്നാണ് ലഹരിവസ്തു വാങ്ങിയതെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. വിമാനമാർഗം മംഗളൂരുവിലെത്തിയ ശേഷം ട്രെയിനിൽ തൃശ്ശൂരിലെത്തുകയും അവിടെനിന്ന് ടാക്സിയിൽ നെടുമ്പാശ്ശേരിയിലേക്ക് വരികയുമായിരുന്നു. കൊച്ചി നഗരത്തിലേക്ക് ലഹരിവസ്തു എത്തിക്കാനായിരുന്നു പദ്ധതിയെന്നാണ് പോലീസ് പറയുന്നത്.

 

കഞ്ചാവിൽ നിന്നുള്ള അതീവ ലഹരിശേഷിയുള്ള ഉൽപ്പന്നമായ ചരസാണ് പിടിച്ചെടുത്തത്. പ്രതിക്ക് നേരത്തെയും ലഹരിക്കടത്തുമായി ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി സി. ബിനുകുമാർ, ആലുവ ഡി.വൈ.എസ്.പി ബൈജു പൗലോസ്, സബ് ഇൻസ്പെക്ടർമാരായ ടി.എസ്. അഭിജിത്, എ.സി. ബിജു, കെ.പി. വിജു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!