രാജ്യത്ത് പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ യുഗം അവസാനിക്കുകയാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഭാവിയില്‍ ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവർത്തിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രസക്തിയുണ്ടാകില്ലെന്നും ബദല്‍ ഇന്ധനങ്ങളിലേക്ക് മാറേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗളൂരുവില്‍ നടന്ന ‘ബസ്വേള്‍ഡ് ഇന്ത്യ കോണ്‍ക്ലേവ് 2025’-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി മലിനീകരണവും വർധിച്ചുവരുന്ന ഇന്ധന ഇറക്കുമതി ചെലവുമാണ് പെട്രോളിനും ഡീസലിനും തിരിച്ചടിയാകുന്നത്. ഇതിന് പരിഹാരമായി ബയോ ഫ്യുവല്‍, സി.എൻ.ജി, എല്‍.എൻ.ജി, ഇലക്‌ട്രിക് വാഹനങ്ങള്‍ (EV), ഹൈഡ്രജൻ ഫ്യുവല്‍ സെല്‍ മേഖലകളിലേക്ക് നിർമ്മാതാക്കള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. നിലവില്‍ രാജ്യത്തെ പത്ത് പ്രധാന റൂട്ടുകളില്‍ ഹൈഡ്രജൻ ബസുകളും ട്രക്കുകളും പരീക്ഷണാടിസ്ഥാനത്തില്‍ ഓടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത മൂന്ന് വർഷത്തിനുള്ളില്‍ രാജ്യത്ത് 1,50,000 ഇലക്‌ട്രിക് ബസുകള്‍ ആവശ്യമായി വരും. എന്നാല്‍ നിലവില്‍ ഇന്ത്യയുടെ ഉല്‍പ്പാദന ശേഷി പ്രതിവർഷം 70,000 മാത്രമാണ്. ഈ വിടവ് നികത്താൻ നിർമ്മാതാക്കള്‍ ഉല്‍പ്പാദനം വർധിപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ടാറ്റ മോട്ടോഴ്സ്, അശോക് ലെയ്ലാൻഡ്, വോള്‍വോ, മഹീന്ദ്ര തുടങ്ങിയ പ്രമുഖ കമ്പനികള്‍ നിലവില്‍ ഹൈഡ്രജൻ, ഫ്ലെക്സ്-ഫ്യുവല്‍ പരീക്ഷണങ്ങളില്‍ സജീവമാണ്.
പരിശോധന കർശനമാക്കും; ‘വാഹൻ’ പോർട്ടലില്‍ മാറ്റം
യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ബസുകളുടെ രജിസ്ട്രേഷൻ നടപടികളില്‍ മാറ്റം വരുത്തുമെന്നും അറിയിച്ചു. നിർമ്മാതാക്കളുടെ സ്വയം സാക്ഷ്യപ്പെടുത്തലിന് പകരം ബസുകളുടെ ഫിസിക്കല്‍ പരിശോധനയുടെ വീഡിയോ നിർബന്ധമാക്കും. ഈ വീഡിയോ ദൃശ്യങ്ങള്‍ കേന്ദ്ര സർക്കാരിന്റെ ‘വാഹൻ’ (Vahan) പോർട്ടലില്‍ അപ്ലോഡ് ചെയ്യണം. പൊതുഗതാഗത സംവിധാനം പരിഷ്കരിക്കുന്നതിലൂടെ മലിനീകരണം കുറയ്ക്കാനും സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും സാധിക്കുമെന്നും നിതിൻ ഗഡ്കരി പ്രത്യാശ പ്രകടിപ്പിച്ചു.



