ഗാർഹിക പാചകവാതകത്തിന് 50 രൂപ വരെ കൂടിയേക്കും

ന്യൂഡൽഹി: വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകർത്ത് രാജ്യത്ത് ഇന്ധന, പാചകവാതക വില വരും ദിവസങ്ങളിൽ കുത്തനെ വർധിക്കുമെന്ന് സൂചന. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് ഒറ്റയടിക്ക് 40 മുതൽ 50 രൂപ വരെ വർധിപ്പിക്കാനാണ് എണ്ണക്കമ്പനികളുടെ നീക്കം. ഒരാഴ്ചയ്ക്കകം പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നേക്കും.

 

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വ്യതിയാനമാണ് വില വർധിപ്പിക്കാൻ കമ്പനികളെ പ്രേരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് കാലയളവിൽ വില വർധിപ്പിക്കാതെ കമ്പനികൾ നിയന്ത്രിച്ചിരുന്നു. ഇക്കാലയളവിൽ ഉണ്ടായ വൻ സാമ്പത്തിക നഷ്ടം നികത്താനാണ് ഇപ്പോൾ ഒറ്റയടിക്ക് നിരക്ക് ഉയർത്താൻ ഒരുങ്ങുന്നത്. പെട്രോൾ, ഡീസൽ വിലയിലും സമാനമായ രീതിയിൽ വലിയ വർധനവ് പ്രതീക്ഷിക്കുന്നുണ്ട്.

 

വാണിജ്യ സിലിണ്ടറുകളുടെ വില നേരത്തെ തന്നെ കൂട്ടിയിരുന്നു. ഇതിന് പിന്നാലെ ഗാർഹിക സിലിണ്ടറിനും വില കൂടുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കും.മിക്കവർക്കും പാചകവാതക സബ്‌സിഡി ലഭിക്കാത്ത സാഹചര്യത്തിൽ പുതിയ വർധനവ് വലിയ ബാധ്യതയാകും.മാസങ്ങൾക്ക് മുമ്പ് നൽകിയ ചെറിയ ഇളവുകൾ ഇതോടെ പൂർണ്ണമായും ഇല്ലാതാകും. ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കും ഈ വർധനവ് തിരിച്ചടിയായേക്കും.

 

ഇന്ധനവില ഉയരുന്നത് ചരക്കുകടത്ത് ചെലവ് വർധിപ്പിക്കും. ഇത് പച്ചക്കറി മുതൽ നിത്യോപയോഗ സാധനങ്ങൾക്ക് വരെ വില കൂടാൻ കാരണമാകും.ഓട്ടോ, ടാക്സി, ബസ് നിരക്കുകൾ വർധിപ്പിക്കേണ്ട സാഹചര്യത്തിലേക്ക് വാഹന ഉടമകൾ നീങ്ങും.ഇന്ധനവില വർധനവ് ഉല്പാദന മേഖലയെയും ചരക്ക് നീക്കത്തെയും ദോഷകരമായി ബാധിക്കും.

 

ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികളാണ് വില നിശ്ചയിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന ഉയർന്ന നികുതി കുറച്ച് ജനങ്ങളെ സഹായിക്കണമെന്ന ആവശ്യം ശക്തമാണ്. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ ജനരോഷം ഉയരാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ എണ്ണക്കമ്പനികളിൽ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *