ബംഗാളിൽ സുവേന്ദു അധികാരി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ, സുവേന്ദു അധികാരി ഗവർണർ ആർ.എൻ രവിയെ കണ്ട് സംസ്ഥാനത്ത് ആദ്യ ബിജെപി സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിച്ചു. ശനിയാഴ്ച രാവിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ വെച്ച് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കും.

 

ആദ്യ ബിജെപി സർക്കാരിൽ രണ്ട് ഉപമുഖ്യമന്ത്രിമാരും ഉണ്ടായേക്കുമെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും എൻഡിഎ ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. നിയമസഭാ കക്ഷി യോഗത്തിൽ മുതിർന്ന ബിജെപി നേതാവും മുൻ സംസ്ഥാന അധ്യക്ഷനുമായ ദിലീപ് ഘോഷ് ആണ് സുവേന്ദു അധികാരിയുടെ പേര് നിർദേശിച്ചത്. ബംഗാളിലെ ബിജെപിയുടെ വളർച്ചയുടെ മുഖമായ അധികാരിയാണ് സർക്കാരിനെ നയിക്കാൻ ഏറ്റവും അനുയോജ്യനെന്ന് അദ്ദേഹം പറഞ്ഞു. എംഎൽഎമാർ ഐകകണ്ഠ്യേന നിർദ്ദേശത്തെ പിന്തുണച്ചതോടെ, കേന്ദ്ര നിരീക്ഷകനായ ആഭ്യന്തര മന്ത്രി അമിത് ഷാ അധികാരിയെ നിയമസഭാ കക്ഷി നേതാവായി പ്രഖ്യാപിക്കുകയായിരുന്നു.

 

ഒരുകാലത്ത് മമത ബാനർജിയുടെ വലംകൈ ആയിരുന്ന സുവേന്ദു അധികാരി, തൃണമൂലിനെ കടപുഴക്കി എറിഞ്ഞാണ് ബംഗാളിന്റെ അമരത്തേക്ക് എത്തുന്നത്. 2020 ൽ തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന അദ്ദേഹം, 2021 ൽ പാർട്ടിയെ 77 സീറ്റുകളിലെത്തിച്ച് പ്രധാന പ്രതിപക്ഷമാക്കി മാറ്റിയിരുന്നു. അന്ന് നന്ദിഗ്രാമിൽ മമത ബാനർജിയെ നേരിട്ട് പരാജയപ്പെടുത്തിയതോടെയാണ് അദ്ദേഹം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. അഞ്ച് വർഷത്തിനിപ്പുറം 207 സീറ്റുകളുടെ വമ്പിച്ച ഭൂരിപക്ഷത്തോടെ ബിജെപിയെ അധികാരത്തിലേറ്റിയതിലും സുവേന്ദുവിന്റെ സംഘാടന മികവ് നിർണ്ണായകമായി. മുൻ കേന്ദ്രമന്ത്രി ശിശിർ അധികാരിയുടെ മകനായ സുവേന്ദു, കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയിലൂടെയാണ് രാഷ്ട്രീയത്തിൽ വന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *