തിരുവനന്തപുരം : പൊതുവിദ്യാലയങ്ങളിലെ 9-ാം ക്ലാസ് വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 30% മാർക്ക് നേടാനാകാത്ത വിദ്യാർഥികൾക്കായി വീണ്ടും സേ (സേവ് എ ഇയർ) പരീക്ഷ. സ്‌കൂൾ തലത്തിൽ ചോദ്യപ്പേപ്പർ തയാറാക്കി 20ന് മുൻപ് പരീക്ഷ നടത്താനാണ് നിർദേശം.
ആദ്യമായാണ് സ്കൂളുകളിൽ ഇത്തര മൊരു ഇരട്ട സേ പരീക്ഷ.5 മുതൽ 9 വരെ ക്ലാസുകളിൽ മാർച്ചിൽ നടന്ന വാർഷിക പരീക്ഷയിൽ 30% മാർക്ക് നേടാത്തവർക്ക് കഴിഞ്ഞ മാസം 8 ദിവസത്തെ സ്പെഷൽ ക്ലാസുകൾ നൽകിയ ശേഷം സേ പരീക്ഷ നടത്തിയിരുന്നു. ഇതിൻ്റെ അടി സ്ഥാനത്തിൽ 8-ാം ക്ലാസ് വരെയുള്ളവർക്കെല്ലാം സ്‌ഥാനക്കയറ്റവും നൽകി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 8-ാം ക്ലാസ് വരെയുള്ള സ്ഥാനക്കയറ്റം തടയാൻ പാടില്ല എന്നതുകൊണ്ടാണിത്. 9-ാം ക്ലാസിന് ഈ നിബന്ധന ബാധകമല്ലാത്തതിനാൽ ഏപ്രിലിലെ ആദ്യ സേ പരീക്ഷയിലും 30% മാർക്ക് നേടാത്തവരുടെ സ്ഥാനക്കയറ്റം തടഞ്ഞിരുന്നു.
ഒരു അവസരം കൂടി നൽകാനാണ് വീണ്ടുമൊരു സേ പരീക്ഷ നടത്താൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചിരിക്കുന്നത്. 30%മാർക്ക് നേടാത്ത വിഷയങ്ങളിലാണ് പരീക്ഷ എഴുതേണ്ടത്.

