അഞ്ച് സുപ്രധാന ഉത്തരവുകളിൽ ഒപ്പുവെച്ച് മുഖ്യമന്ത്രി വിജയ്

ചെന്നൈ :തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (ടി വി കെ) അധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഞായറാഴ്ച നടന്ന ചടങ്ങിൽ പദവി ഏറ്റെടുത്ത ഉടൻ തന്നെ ജനക്ഷേമകരമായ അഞ്ച് സുപ്രധാന ഉത്തരവുകളിൽ ഒപ്പിട്ടുകൊണ്ടാണ് വിജയ് തന്റെ ഭരണം ആരംഭിച്ചത്.

 

‘എൻ നെഞ്ചിൽ കുടിയിരിക്കും’ എന്ന തന്റെ പ്രിയപ്പെട്ട അഭിസംബോധനയോടെ ആരംഭിച്ച പ്രസംഗം അങ്ങേയറ്റം വികാരഭരിതമായിരുന്നു.രാഷ്ട്രീയ ചർച്ചകൾസംസ്ഥാനത്തെ ജനങ്ങൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുക എന്നതാണ് വിജയ് ഒപ്പിട്ട ആദ്യ ഉത്തരവ്. തമിഴ്‌നാട്ടിലെ ലഹരി വിപത്ത് തുടച്ചുനീക്കുന്നതിനായി പ്രത്യേക കർമ്മ സേനയെ (സ്പെഷ്യൽ ടാസ്ക് ഫോഴ്സ്) രൂപീകരിക്കാനും വനിതകളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സേനയെയും ഹെൽപ്പ് ലൈൻ സംവിധാനത്തെയും സജ്ജമാക്കാനും അദ്ദേഹം ഉത്തരവിട്ടു. വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളിൽ തന്റെ പൂർണ്ണ ശ്രദ്ധയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും പ്രത്യേക പരിഗണന നൽകുമെന്നും എല്ലാം നല്ല രീതിയിൽ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഒരു അസിസ്റ്റന്റ് ഡയറക്ടറുടെ മകൻ ഇന്ന് മുഖ്യമന്ത്രിയായി മാറിയിരിക്കുന്നു എന്ന് വിജയ് പറഞ്ഞു. താൻ രാജകുടുംബത്തിൽ നിന്നല്ല വന്നതെന്നും വിശപ്പും ദാരിദ്ര്യവും എന്താണെന്ന് തനിക്ക് കൃത്യമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് പരിഹാസങ്ങളും കഷ്ടപ്പാടുകളും നേരിട്ടാണ് ഈ നിലയിലെത്തിയത്. ഞാൻ നിങ്ങളുടെ മകനാണ്, നിങ്ങളുടെ സഹോദരനാണ്. എന്നെ ഹൃദയത്തിലേറ്റിയ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞു.

 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് വിജയ് സർക്കാരുണ്ടാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും കേവല ഭൂരിപക്ഷമായ 118 സീറ്റുകൾ തികയ്ക്കാൻ ടി വി കെക്ക് സാധിച്ചിരുന്നില്ല. എന്നാൽ കോൺഗ്രസ്, സി പി ഐ, സി പി എം, വി സി കെ, ഐ യു എം എൽ എന്നീ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചതോടെ സഖ്യത്തിന്റെ അംഗബലം 120 ആയി ഉയരുകയും സർക്കാർ രൂപീകരണത്തിന് വഴിതെളിയുകയും ചെയ്തു. കഴിഞ്ഞ 60 വർഷമായി ദ്രാവിഡ രാഷ്ട്രീയത്തെ നയിച്ചിരുന്ന ഡി എം കെ, എ ഐ എ ഡി എം കെ പാർട്ടികൾക്ക് പുറത്തുനിന്നുള്ള ആദ്യ ഭരണമാണിത്. സംസ്ഥാനത്ത് ഒരു ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാൻ എം കെ സ്റ്റാലിൻ തന്നെ മുൻകൈയെടുത്ത് തന്റെ സഖ്യകക്ഷികളെ വിജയ്ക്കൊപ്പം ചേരാൻ പ്രേരിപ്പിച്ചുവെന്ന് ഡി എം കെ വക്താവ് എ ശരവണൻ അവകാശപ്പെട്ടു.വിജയ്‌യെ കൂടാതെ ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആദവ് അർജുന, സി ടി ആർ നിർമൽ കുമാർ, ബുസി ആനന്ദ്, രാജ് മോഹൻ, കെ ടി പ്രഭു, അരുൺരാജ്, പി വെങ്കട്ടരമണൻ, മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ 28 കാരി എസ് കീർത്തന എന്നിവരാണ് മന്ത്രിമാരായി ചുമതലയേറ്റത്. തമിഴ്‌നാട് 10 ലക്ഷം കോടി രൂപയുടെ കടക്കെണിയിലാണെന്നും ജനങ്ങളുടെ പണത്തിൽ നിന്ന് ഒരു പൈസ പോലും കൊള്ളയടിക്കാൻ അനുവദിക്കില്ലെന്നും വിജയ് വ്യക്തമാക്കി. മെയ് 13-നകം നിയമസഭയിൽ വിജയ് സർക്കാർ വിശ്വാസ വോട്ട് തേടും. ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മറ്റ് പ്രമുഖ നേതാക്കളും സംബന്ധിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *