തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസുകളിലെ സ്ത്രീ സൗജന്യയാത്ര 15 മുതല്‍ ഓര്‍ഡിനറി ബസുകളില്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും യാത്രാ സൗജന്യം നല്‍കുമെന്ന് അറിയിച്ചു. എല്ലാ സ്ത്രീകള്‍ക്കും സൗജന്യയാത്രയ്ക്ക് അര്‍ഹതയുണ്ടാകും.
ഓരോ ദിവസത്തെയും സ്ത്രീയാത്രക്കാരുടെ വിവരങ്ങള്‍ കെ.എസ്.ആര്‍.ടി.സി. ശേഖരിക്കുന്നതായിരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍ദേശംനല്‍കി. ഓരോമാസവും യാത്രാച്ചെലവ് വഴിയുണ്ടാകുന്ന ബാധ്യത കണക്കാക്കി കെ.എസ്.ആര്‍.ടി.സി. സര്‍ക്കാരിനെ അറിയിക്കും. സ്ഥാപനത്തിനുണ്ടാകുന്ന ബാധ്യത സര്‍ക്കാര്‍ നല്‍കുമെന്നും യോഗം വ്യക്തമാക്കി.
ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചാല്‍ വര്‍ഷം 712 കോടി രൂപ ബാധ്യതവരുമെന്നാണ് കണക്കാക്കുന്നത്. മറ്റു ബസുകളിലേക്കും സൗജന്യയാത്ര വ്യാപിപ്പിച്ചാല്‍ 1300 കോടി രൂപ വേണ്ടിവരും. അതേസമയം ഫാസ്റ്റ് മുതലുള്ള സൂപ്പര്‍ക്ലാസ് ബസുകളില്‍ സൗജന്യം അനുവദിക്കുന്നത് നിലവില്‍ പരിഗണിച്ചിട്ടില്ല.
സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതിന്റെ പൂര്‍ണബാധ്യത സര്‍ക്കാര്‍ വഹിക്കുമെന്നും അതില്‍ ജീവനക്കാര്‍ക്ക് ആശങ്കവേണ്ടെന്നും മന്ത്രി സി.പി. ജോണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഏതൊക്കെ ബസുകളിലാണ് സൗജന്യമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ 10-നുള്ള മന്ത്രിസഭായോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

