കൊട്ടാരക്കര : അനധികൃതമായി കുടിയേറിയതെന്നു സംശയിക്കുന്ന ബംഗ്ലാദേശി പൗരൻമാർ കൊട്ടാരക്കരയിൽ പിടിയിൽ. മൂന്നു കുട്ടികൾ ഉൾപ്പെടെ പത്തുപേരെയാണ് കൊട്ടാരക്കര ലോവർകരിക്കത്തുനിന്ന് കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തത്. തീവ്രവാദവിരുദ്ധ സ്ക്വാഡ് നൽകിയ വിവരത്തെ തുടർന്നാണ് നടപടി.
ആക്രിക്കടയിലെ തൊഴിലാളികളായ കെ. ഫറൂദ് (42), മുഹമ്മദ് നയിം ഖാൻ (28), മുഹമ്മദ് ഇമ്രാൻഖാൻ (43), മുഹമ്മദ് അലി ഹുസൈൻ (43), ഖദീജ (38), മുംതാസ് (37), മുഹമ്മദ് ആരിഫ് (26) എന്നിവരും മൂന്നു കുട്ടികളുമാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ പക്കൽ ആധാർ കാർഡും മറ്റു രേഖകളും ഉണ്ടെങ്കിലും വ്യാജമാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം ചവറയിൽ അറസ്റ്റിലായ ബംഗ്ലാദേശ് സ്വദേശികളെ ചോദ്യംചെയ്തപ്പോഴാണ് കൊട്ടാരക്കരയിൽ ഉള്ളവരെക്കുറിച്ച് മിലിട്ടറി ഇന്റലിജൻസിനും എ.ടി.എസിനും സൂചന ലഭിച്ചത്. ഒരുമാസം മുൻപാണ് ഇവർ കൊട്ടാരക്കരയിലെത്തിയത്. ഇവരിൽ പലരും വർഷങ്ങൾക്കുമുൻപ് ഇന്ത്യയിലെത്തിയവരാണ്. രാജ്യത്തിന്റെ പലഭാഗത്തും മാറിമാറി താമസിക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്തവരെ ഭീകരവിരുദ്ധ സ്ക്വാഡിലെയും മിലിട്ടറി ഇന്റലിജൻസിലെയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. സംഘത്തിലെ കൂടുതൽ അംഗങ്ങളെയും വ്യാജരേഖകൾ തയ്യാറാക്കി നൽകിയവരെയും കണ്ടെത്താൻ അന്വേഷണം തുടങ്ങി. പിടിയിലായവരെ ഫോറിൻ രജിസ്‌ട്രേഷൻ വകുപ്പിനു കൈമാറുകയും ഡിറ്റെൻഷൻ സെന്ററിലേക്കു മാറ്റുകയും ചെയ്യും.
