സ്റ്റേഡിയം വൃത്തിയാക്കി വീണ്ടും ലോകത്തിന്റെ കൈയടി നേടി ജപ്പാൻ ആരാധകർ

ഡാലസ് (അമേരിക്ക):കളിക്കളത്തിലെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ കളി കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒരിക്കല്‍ കൂടി ലോകത്തിന്‍റെ മുഴുവൻ കയ്യടിയും നേടി ജപ്പാൻ ഫുട്ബോള്‍ ആരാധകർ.

 

ലോകകപ്പിലെ ഗ്രൂപ്പ് എഫ് മത്സരത്തില്‍ നെതർലൻഡ്‌സിനെതിരെ ജപ്പാൻ ആവേശ സമനില പിടിച്ചതിന് പിന്നാലെ ഗാലറിയില്‍ അവശേഷിച്ച പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും കവറുകളുമെല്ലാം പെറുക്കി മാറ്റിയാണ് ജപ്പാന്‍റെ ‘ബ്ലൂ സമുറായി’ ആരാധകർ ലോകത്തിന്‍റെ കൈയടി നേടിയത്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൻതോതില്‍ വൈറലായിക്കഴിഞ്ഞു.

 

എന്തുകൊണ്ട് ജപ്പാൻ ആരാധകർ സ്റ്റേഡിയം വൃത്തിയാക്കുന്നു?

 

അന്താരാഷ്ട്ര ഫുട്ബോള്‍ വേദികളില്‍ ജപ്പാൻ ആരാധകർ വർഷങ്ങളായി തുടരുന്ന ഈ ശീലം ലോകത്തിന് അത്ഭുതമാണെങ്കിലും അവർക്കിത് തങ്ങളുടെ സംസ്‌കാരത്തിന്‍റെന്റെ ഭാഗം മാത്രമാണ്. ശുചിത്വം, പൊതുവിടങ്ങളോടുള്ള ബഹുമാനം, കൂട്ടായ ഉത്തരവാദിത്തം എന്നിവയ്ക്ക് ജാപ്പനീസ് സംസ്‌കാരത്തില്‍ വലിയ പ്രാധാന്യമുണ്ട്. അതിനാല്‍ തന്നെ ഒരു കളി കാണാൻ പോയാല്‍ തങ്ങള്‍ ഇരുന്ന ഇടം വൃത്തിയാക്കി മടങ്ങുക എന്നത് അവർക്ക് ഒരു അസാധാരണ പ്രവൃത്തിയല്ല, മറിച്ച്‌ ജീവിതചര്യയുടെ ഭാഗമാണ്.

 

2022-ല്‍ ഖത്തറില്‍ നടന്ന ലോകകപ്പിലും ജപ്പാൻ ആരാധകർ ഇതേ രീതിയില്‍ വാർത്തകളില്‍ ഇടം നേടിയിരുന്നു. അന്ന് ജർമ്മനിയെ അട്ടിമറിച്ച മത്സരത്തിന് ശേഷവും, തങ്ങളുടെ ടീമില്ലാത്ത ഖത്തർ-ഇക്വഡോർ ഉദ്ഘാടന മത്സരത്തിന് ശേഷവും അവർ ഗാലറി വൃത്തിയാക്കി ലോകത്തിന് മാതൃകയായിരുന്നു. ആ ചരിത്രമാണ് ഇപ്പോള്‍ ഡാലസിലും ആവർത്തിച്ചിരിക്കുന്നത്. കളിക്കളത്തില്‍ താരങ്ങള്‍ മികച്ച പ്രകടനത്തിലൂടെ രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടുമ്പോള്‍, ഗാലറിയിലെ തങ്ങളുടെ പെരുമാറ്റം കൊണ്ട് ജപ്പാൻ ആരാധകരും ലോകത്തിന്റെ പ്രശംസ ഏറ്റുവാങ്ങുകയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *