തീ തുപ്പുന്ന കാറുമായി റോഡിലിറങ്ങി; മോഡിഫിക്കേഷന് വിദ്യാർത്ഥികളെ പിടികൂടി മോട്ടോർ വാഹന വകുപ്പ്

മലപ്പുറം: റോഡില്‍ അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയില്‍ രൂപമാറ്റം വരുത്തിയ തീ തുപ്പുന്ന കാറുമായി വിദ്യാർത്ഥികള്‍ മോട്ടോർ വാഹന വകുപ്പിന്റെ പിടിയില്‍.മലപ്പുറം നിലമ്പൂരിലാണ് സംഭവം. നിയമവിരുദ്ധമായി മോഡിഫിക്കേഷൻ വരുത്തിയ വാഹനത്തിന്റെ രജിസ്‌ട്രേഷൻ ഉടൻ റദ്ദാക്കുമെന്ന് എംവിഡി അറിയിച്ചു.

 

സൈലൻസറില്‍ നിന്ന് വലിയ ശബ്ദത്തോടെ തീ തുപ്പുന്ന രീതിയിലാണ് കാർ മോഡിഫൈ ചെയ്തിരിക്കുന്നത്. കോഴിക്കോട് രജിസ്‌ട്രേഷനിലുള്ള (KL 11) പഴയൊരു വാഹനമാണിത്. കഴിഞ്ഞ ദിവസം വൈകുന്നേരം 6.30നും രാത്രി 8.30നും ഇടയില്‍ നിലമ്പൂർ നോലി പ്ലോട്ട് പരിസരത്ത് മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയ്ക്കിടയിലാണ് വലിയ ശബ്ദത്തോടെ തീ തുപ്പി പാഞ്ഞുവന്ന കാർ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തിയത്.

 

സമീപത്തെ കോളേജില്‍ പഠിക്കുന്ന നാല് വിദ്യാർത്ഥികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വിദ്യാർത്ഥികളായതിനാല്‍ നിലവില്‍ ഇവർക്കെതിരെ മറ്റ് കേസുകളൊന്നും എടുത്തിട്ടില്ല. മറ്റൊരാളുടെ പേരിലുള്ളതാണ് വാഹനം. കാറിന്റെ സൈലൻസർ പൂർണമായും മാറ്റി, തീ പുറത്തേക്ക് വരുന്ന അപകടകരമായ രീതിയിലാണ് രൂപമാറ്റം വരുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും, നിയമവിരുദ്ധമായി വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നവർക്കെതിരെ ആർസി റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കർശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *